ന്യൂഡൽഹി: ബിഹാറിലെ ബക്സർ ജില്ലയിൽ ട്രെയിൻ പാളംതെറ്റി 4 യാത്രക്കാർ മരിച്ചു. നൂറിലേറെപേർക്ക് പരിക്കേറ്റു. ഡൽഹി അനന്ത് വിഹാർ സ്റ്റേഷനിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോവുകയായിരുന്ന 12506 നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ 6 കോച്ചുകൾ രഘുനാഥ്പുർ സ്റ്റേഷനിലാണ് പാളം തെറ്റിയത്. രാത്രി 9.50 ന് ട്രെയിൻ ബക്സർ സ്റ്റേഷൻ വിട്ട് രഘുനാഥ്പുർ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് അപകടം.
നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. 3 എസി കോച്ചുകൾ അടക്കം 6 കംപാർട്മെന്റുകളാണു പാളം തെറ്റിയത്. ദുരന്തനിവാരണ സേന സ്ഥലത്തെത്തി. പട്നയിലേത് അടക്കം ആശുപത്രികളെല്ലാം സജ്ജമാക്കി. അപകടം മൂലം ഈ പാതയിൽ ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. കേന്ദ്രമന്ത്രിയും ബക്സർ എംപിയുമായ അശ്വിനി കുമാർ ചൗബെ അപകട സ്ഥലം സന്ദർശിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പട്ന എയിംസിലേക്ക് മാറ്റി.
അപകടത്തെത്തുടര്‍ന്ന് ഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.