കൊറോണ പ്രതിരോധം; എവിടെയും സ്ഥാപിക്കാവുന്ന ‘മെഡിക്യാബ് ആശുപത്രി’ തയ്യാറാക്കി ശ്രീചിത്ര

0
115

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എവിടെയും സ്ഥാപിക്കാവുന്ന ആശുപത്രി സൗകര്യമൊരുക്കി ശ്രീചിത്രയും സ്റ്റാര്‍ട്ട് അപ്പ് മോഡുലസ് ഹൗസിംഗും. മെഡിക്യാബ് എന്ന് പേരിട്ടിരിക്കുന്ന ആശുപത്രി സംവിധാനത്തിന് ശ്രീചിത്രയും ഐഐടി മദ്രാസിന് കീഴിലെ സ്റ്റാര്‍ട്ട് അപ്പ് മോഡുലസ് ഹൗസിംഗും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ശ്രീചിത്രയിലെ ശാസ്ത്രജ്ഞരായ സുഭാഷ് എന്‍ എന്‍, മുരളീധരന്‍ സി വി, മോഡുലസ് ഹൗസിംഗ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശ്രീറാം എന്നിവരാണ് ഇത്തരമൊരു സംവിധാനം വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

രോഗബാധിതരെ കണ്ടെത്തി പരിശോധിച്ച് ഐസൊലേറ്റ് ചെയ്ത് ചികിത്സിക്കുന്നതിനായി എവിടെയും അനായാസം സ്ഥാപിക്കാന്‍ കഴിയുന്ന ആശുപത്രികള്‍ സഹായിക്കുമെന്നാണ് ശ്രീചിത്രയിലെ അധികൃതര്‍ വ്യക്തമാക്കുന്നത്. ദീര്‍ഘകാലം ഈടു നില്‍ക്കുന്ന മെഡിക്യാബ് ആവശ്യകതയ്ക്കനുസരിച്ച് രൂപപ്പെടുത്താന്‍ കഴിയും. ഡോക്ടറുടെ മുറി, രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനുള്ള മുറി, വാര്‍ഡ്, രണ്ടു കിടക്കകളോട് കൂടിയ ഐസിയു എന്നിവയാണ് മെഡിക്യാബിലുള്ളത്. നാലു പേര്‍ ചേര്‍ന്ന് രണ്ടു മണിക്കൂറിനുള്ളില്‍ മെഡിക്യാബുകള്‍ സ്ഥാപിക്കാന്‍ കഴിയും.

പൊടിയും മറ്റും കടക്കാത്ത തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന മെഡിക്യാബില്‍ വൈദ്യുതി സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവയെ യഥാര്‍ത്ഥ വലുപ്പത്തില്‍ നിന്നും അഞ്ചിലൊന്നായി ചുരുക്കാന്‍ കഴിയും. അനായാസം സൂക്ഷിക്കാനും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും എളുപ്പത്തില്‍ കഴിയുമെന്നുള്ളതും മെഡിക്യാബിന്റെ മറ്റൊരു സവിശേഷയാണ്.

വിവിധ വലുപ്പങ്ങളില്‍ ഇവ ലഭ്യമാണ്. 200, 400, 800 ചതുരശ്ര അടി വലുപ്പങ്ങളിലുള്ള മെഡിക്യാബുകള്‍ ഉണ്ട്. സ്ഥല സൗകര്യവും ആവശ്യകതയും അനുസരിച്ച് ആശുപത്രികളുടെ പാര്‍ക്കിംഗ് ഏരിയ, ടെറസ് തുടങ്ങിയ സ്ഥലങ്ങളില്‍ മെഡിക്യാബുകള്‍ സ്ഥാപിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here