മിഡിൽ ഈസ്റ്റേൺ (Middle East) മേഖലയിൽ നിന്ന് 140 മെട്രിക് ടൺ വരെ സ്വർണം ഇറക്കുമതി (gold import) ചെയ്യുന്നതിനുള്ള ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതോടെ സ്വർണ്ണ വ്യാപാരികൾക്കും ആഭരണ നിർമ്മാതാക്കൾക്കും യുഎഇയിൽ നിന്ന് ഇളവുകളോടെ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലായിരിക്കും ഈ സൗകര്യം ആരംഭിക്കുക.
കഴിഞ്ഞ വർഷം മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന CEPA പ്രകാരം 2023-24 ൽ ഇന്ത്യയ്ക്ക് 140 MT സ്വർണ്ണം ഇറക്കുമതി ചെയ്യാൻ കഴിയും. അത് അപ്ലൈഡ് മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) നിരക്കിൽ ഒരു ശതമാനം ഡ്യൂട്ടി ഇളവിലാണ് ഇറക്കുമതി ചെയ്യുക. അതായത് 15 ശതമാനം ആയിരിക്കും ഇതിന്റെ തീരുവ.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) 2023-24 ലേക്കുള്ള താരിഫ് നിരക്ക് ക്വാട്ടയ്ക്ക് (TRQ) അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 28നായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ആകെ 78 അപേക്ഷകളാണ് ലഭിച്ചത്.തുടർന്ന് 2023 മാർച്ച് 23-ന് എക്സിം ഫെസിലിറ്റേഷൻ കമ്മിറ്റി (EFC) ആദ്യത്തെ യോഗം ചേർന്നു. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയോ വ്യവസ്ഥകളുടെയോ പൂർത്തീകരണത്തിന് വിധേയമായി താൽക്കാലികമായി TRQ അനുവദിക്കുകയും ചെയ്തു.