രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ രാജ്യത്തെ 130 കോടി ജനങ്ങൾ നിരാശരാണെന്ന് മോദി കത്തിലെഴുതി. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ കത്ത് . വിരമിക്കൽ തീരുമാനം പിൻവലിച്ച് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിൽ കളിക്കാൻ ധോണിയോട് പ്രധാനമന്ത്രി മോദി ആവശ്യപ്പെടണമെന്ന നിർദ്ദേശവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്തു വന്നിരുന്നു.
കത്തിന്റെ പൂര്‍ണരൂപം:
“പ്രിയ മഹേന്ദ്ര, ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന്, സ്വതസിദ്ധമായ ശൈലിയിൽ താങ്കൾ പങ്കുവച്ച ഒരു ലഘു വീഡിയോ രാജ്യം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ. ആ വിഡിയോ കണ്ട് 130 കോടി ഇന്ത്യക്കാരാണ് നിരാശപ്പെട്ടത്. അതേസമയം, തന്നെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ഈ രാജ്യത്തിനായി താങ്കൾ ചെയ്ത മഹത്തായ സേവനങ്ങളെ അവർ നിസീമമായ നന്ദിയോടെ മാത്രമേ ഓർക്കൂ.
താങ്കളുടെ കരിയറിലേക്ക് നോക്കാനുള്ള ഒരു വഴി കണക്കുകളുടെ കണ്ണാടിയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ലോകത്തിന്റെ നെറുകയിലേക്ക് രാജ്യത്തെ നയിച്ച ക്യാപ്റ്റൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ, ക്യാപ്റ്റൻമാരിൽ ഒരാൾ എന്നിങ്ങനെ മാത്രമല്ല, തീർച്ചയായും ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടിയാകും ചരിത്രം താങ്കളെ അടയാളപ്പെടുത്തുക.
അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലും ഏറ്റവും വിശ്വസിക്കാൻ സാധിക്കുന്ന താരമായിരുന്നു താങ്കൾ. മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരമായിരുന്നു. പ്രത്യേകിച്ചും 2011 ലോകകപ്പ് ഫൈനലിൽ ടീമിനെ വിജയത്തിലെത്തിച്ച താങ്കളുടെ ശൈലി തലമുറകളോളം ഓർത്തിരിക്കുമെന്ന് ഉറപ്പ്.
എങ്കിലും കരിയറിലെ നേട്ടങ്ങളുടെ കണക്കുകൾ കൊണ്ടോ വിജയിപ്പിച്ച മത്സരങ്ങളുടെ പേരിലോ മാത്രം ലോകം ഓർക്കേണ്ട പേരല്ല മഹേന്ദ്രസിങ് ധോണി. വെറുമൊരു കായികതാരം മാത്രമായി താങ്കളെ ഒതുക്കുന്നത് നീതികേടാകുമെന്ന് തോന്നുന്നു. ലോകത്ത് താങ്കൾ ചെലുത്തിയ സ്വാധീനത്തെ വിലയിരുത്തിയാൽ ഐതിഹാസികം എന്നുതന്നെ പറയേണ്ടിവരും.
ചെറിയൊരു പട്ടണത്തിൽനിന്ന് അതിലളിതമായി തുടങ്ങിയ താങ്കളുടെ വളർച്ച, പിന്നീട് ദേശീയ തലത്തിലെത്തി രാജ്യം മുഴുവൻ അഭിമാനിക്കുന്ന തലത്തിലേക്ക് എത്തിയത് വിസ്മയമാണ്. താങ്കളുടെ ഉയർച്ചയും അവിടെ താങ്കൾ പ്രകടിപ്പിച്ച അച്ചടക്കവും രാജ്യത്തെ കോടിക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. മികച്ച സ്കൂളുകളിലും കോളജുകളിലും പഠിക്കാൻ അവസരം ലഭിക്കാത്ത, സമ്പന്നമായ കുടുംബ പശ്ചാത്തലമില്ലാത്ത കഴിവുറ്റ യുവാക്കൾക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ താങ്കൾ തീർച്ചയായും പ്രചോദനമാണ്.
കുടുംബവേരുകളും പേരും ആരെയും തുണയ്ക്കാത്ത സ്വന്തം കഴിവും അധ്വാനവും ഓരോരുത്തരുടെയും വളർച്ചയെ നിർണയിക്കുന്ന നവ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അടയാളം തന്നെയാണ് താങ്കളെന്ന് ഞാൻ കരുതുന്നു.