ബെംഗളൂരുവിലെ കബ്ബൺ പാർക്കിലേക്ക് പോകുന്നവർ ശ്രദ്ധിക്കു…

0
11

ബെംഗളൂരുവിലെ പ്രസിദ്ധമായ കബ്ബൺ പാർക്കിലേക്ക് എത്തുന്നവർ ശ്രദ്ധിക്കുക, ഇനി മുതൽ നിയമലംഘനം നടത്തിയാൽ 500 രൂപ പിഴ വീഴും. കബ്ബൺ പാർക്ക് പരിസരത്ത് എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നത് സംബന്ധിച്ചു സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമലംഘനം നടത്തുന്നവർക്ക് 500 രൂപ പിഴ ചുമത്താനും ഇത് ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കാനുമാണ് ഹോർട്ടികൾച്ചർ ഡയറക്ടറുടെ തീരുമാനം. സുവർണ കർണാടക ഉദ്യാനവനഗല പ്രതിഷ്ഠാന (SKUP) യുടെ അക്കൗണ്ടിലേക്കാണ് പിഴത്തുക നിക്ഷേപിക്കുക.

വായന, യോഗ, മെഡിറ്റേഷൻ, ഒത്തുകൂടൽ, പെയിൻ്റിങ് എന്നീ പരിപാടികൾ കബ്ബൺ പാർക്കിന്റെ ബിഎസ്എൻഎൽ പ്രവേശന കവാടം മുതൽ ഗസീബോ വരെയുള്ള 15 ഏക്കർ സ്ഥലത്തും ഹൈക്കോടതിയുടെ പാർക്കിങ് സ്ഥലത്തേക്കുള്ള ഡ്രെയിനിനോട് ചേർന്നുള്ള പാലത്തിലും നടത്താം. പരിപാടിയിൽ 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നുണ്ടെങ്കിൽ, കബ്ബൺ പാർക്കിലെ ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതി നിർബന്ധമാണ്. വാക്കത്തോൺ, മാരത്തോൺ, സ‍ർക്കാർ വകുപ്പുകൾ നടത്തുന്ന ബോധവൽകരണ പരിപാടികൾ, യോഗ, മെഡിറ്റേഷൻ എന്നീ പരിപാടികളിൽ പരമാവധി 10 പേർക്ക് പങ്കെടുക്കാം. പരിസ്ഥിതി സൗഹൃദമായ പെയിൻ്റിങ് അനുമതിയോടെ നടത്താം.

എന്തൊക്കെ ചെയ്യരുത്? : ഭാരമേറിയ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, കച്ചവടം, പുകവലി, മദ്യം, ലഹരി വസ്തുക്കൾ, പൂജാ സാധനങ്ങൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, പാഴ്സൽ ചെയ്ത ഭക്ഷണം എന്നിവ പാർക്കിൽ പാടില്ല. കൂടാതെ, ബാനറുകളും പോസ്റ്ററുകളും പതിപ്പിക്കൽ, മൂത്രമൊഴിക്കൽ, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത്, പടക്കം പൊടിക്കൽ, അപകടകരമായ വസ്തുക്കളുടെ ഉപയോഗം എന്നിവയും പാടില്ല.

വായു, ജല, ശബ്ദ മലിനീകരണത്തിന് കാരണമാകുന്ന ഒരു പരിപാടികളും നടത്താൻ പാടില്ല. ഭിക്ഷാടനം, കൈനോട്ടം, പണപ്പിരിവ്, വാർത്താസമ്മേളനം, ഐക്യദാ‍ർഢ്യ പരിപാടികൾ, പിറന്നാളാഘോഷം, മറ്റ് ആഘോഷ പരിപാടികൾ എന്നിവയ്ക്കും വിലക്കുണ്ട്. പാർക്കിലെ ബെഞ്ചുകളും തൂണുകളും ഉപയോഗിച്ചു വ്യായാമം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം മഴയും കാറ്റും ഉള്ളപ്പോൾ പാർക്കിലെ മരങ്ങൾക്ക് താഴെ നിൽക്കരുതെന്ന് അധികൃതർ നിർദേശിച്ചു. ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്ക് സമീപവും തുടരാൻ പാടില്ല. പാമ്പ്, തേനീച്ച എന്നിവയുടെ ശല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം. പാർക്കിങ് അനുവദനീയമായ സ്ഥലത്ത് മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും അധികൃത‍ർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here