ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പി.എസ്.സി. താല്‍ക്കാലിക നിയമനമാണെങ്കിലും ഉദ്യോഗാര്‍ഥികളുടെ സമ്മതത്തോടെ നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നു തന്നെ നിയമനം നടത്തണമെന്ന അഡ്മിനിസട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് മറികടക്കാന്‍ പി.എസ്.സി തന്നെ ഹൈക്കോടതിയെ സമീപിച്ചു.
പതിനാല് ജില്ലകളിലായി 45,000 പേരാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളത്. അളവുതൂക്ക വകുപ്പില്‍ റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ നീക്കമുണ്ടായപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ഇടപെട്ടു. എതിര്‍പ്പ് മറികടന്ന രഹസ്യനിയമനത്തിന് ശ്രമിച്ചപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഉടന്‍ സ്ഥിരനിയമനം പറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. അനുകൂല നിലപാട് പ്രതീക്ഷിച്ച ഉദ്യോഗാര്‍ഥികളെ പി.എസ്.സിയും ചതിച്ചു.
അര്‍ഹതപ്പെട്ട നിയമനത്തിനായി സര്‍ക്കാരിനോടു അപേക്ഷിക്കുക മാത്രമല്ല, ഇതിനായുള്ള നെട്ടോട്ടത്തിലുമാണ് ഉദ്യോഗാര്‍ഥികള്‍. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചത് ഉദ്യോഗാര്‍ഥികളുടെ വിവരം ചോരുമെന്നതിനാലാണെന്നാണ് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ നൽകുന്ന വിശദീകരണം.