വത്തിക്കാൻ: സ്നേഹത്തിന്റെയും മാനവികതയുടെയും ആൾരൂപമായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ദുഃഖത്തിലാണ് ലോകം. മാർപാപ്പയുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ, മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ടിരിക്കുകയാണ് വത്തിക്കാൻ.
എവിടെയായിരിക്കണം അന്ത്യവിശ്രമം കൊള്ളേണ്ടതെന്നും ശവകുടീരത്തിലെ പ്രത്യേകതകളും മരണപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പേര് ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതണമെന്നും ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും മരണപത്രത്തിൽ പറയുന്നുണ്ട്.
സഭയുടെ സ്ഥാപകനെന്ന് വിശ്വസിക്കുന്ന ക്രിസ്തു ശിഷ്യൻ പത്രോസിൻ്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ കൂടുതൽ പേരും അന്ത്യവിശ്രമം കൊള്ളുന്നത്. ആചാരത്തിന്റെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്രവച്ചു.