88കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതോടെ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭ വൈകാതെ തുടക്കമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുക. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന്റെ ദുഃഖാചരണ കാലയളവിന് ശേഷമായിരിക്കും കോണ്‍ക്ലേവ് കൂടുക.
കഴിഞ്ഞ ഏതാനും മാസങ്ങളായി പോപ് ഫ്രാന്‍സീസിന്റെ ആരോഗ്യം മോശമായിരുന്നു. ഇതിനിടെ അദ്ദേഹം പലതവണ ആശുപത്രിയിലായി. ഫെബ്രുവരി 14ന് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് ബൈലാറ്ററല്‍ ന്യുമോണിയ ഉണ്ടെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ നിന്ന് നാല് കര്‍ദിനാള്‍മാരാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുക. 2025 ജനുവരി 22ലെ കോണ്‍ക്ലേവ് നിയമങ്ങള്‍ പ്രകാരം 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അനുമതിയുള്ളത്.