രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന് ഇന്ന് നൂറ് വയസ്.1920 ഓഗസ്റ്റ് 18നാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി ഗാന്ധിജി ആദ്യമായി കേരളം സന്ദർശിക്കുന്നത്. ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ.മുത്തുക്കോയത്തങ്ങളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
20 മണിക്കൂറാണ് ഗാന്ധിജി ആ സന്ദര്‍ശനവേളയില്‍ മലബാറിന്റെ ആസ്‌ഥാനമായിരുന്ന കോഴിക്കോട്ട് തങ്ങിയത്. പോര്‍ട്ട് സിഗ്നല്‍ സ്‌റ്റേഷനു പടിഞ്ഞാറുള്ള കടപ്പുറത്ത് വൈകീട്ട് 6.30 ന് നടന്ന പൊതുയോഗത്തിൽ ഗാന്ധിജി പ്രസംഗിച്ചു. ആ പ്രസംഗം കേൾക്കാനായി ഏറനാട്ടിൽ നിന്നും പാലക്കാട്ടുനിന്നും വയനാട്ടിൽ നിന്നും കണ്ണൂരിൽ നിന്നും വടകരയിൽ നിന്നുമൊക്കെയായി ഇരുപതിനായിരത്തോളം ആളുകൾ കോഴിക്കോട് കടപ്പുറത്ത് തടിച്ചു കൂടി. കെ.മാധവൻ നായർ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. ഐക്യവും സമഭാവനയുമായിരിക്കണം നമ്മെ നയിക്കേണ്ടതെന്ന് അദ്ദേഹം നിരന്തരം ഓർമപ്പെടുത്തി.
മലയാളികൾ അന്നുവരെ അനഭവിച്ചറിയാത്ത ഒരു അനുഭൂതിയായിരുന്നു ഗാന്ധിജിയുടെ സന്ദർശനം. എളിമയും മൂർച്ചയും സമാസമം ഇഴചേർന്ന ആ ഇതിഹാസ മനുഷ്യനെ തൊട്ടടുത്തുനിന്ന് കാണാൻ മലയാളികൾക്ക് കഴിഞ്ഞ അപൂർവസുന്ദരമായ നിമിഷങ്ങളായിരുന്നു അത്. ആ മനോഹര ഓർമയ്ക്ക് ഇന്ന് ഒരു ശതകം തികയുന്നു.