തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു.

0
74

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. മാർച്ച് എട്ടിന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉൽപ്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ.

2013ല്‍ പുറത്തിറങ്ങിയ സക്കറിയായുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് നിസാം റാവുത്തര്‍ സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് റേഡിയോ, ബോംബെ മിഠായി എന്നീ ചിത്രങ്ങളുടെ രചനയും നിര്‍വ്വഹിച്ചു. നിരവധി ഡോക്യൂമെന്‍ററികള്‍ സംവിധാനം ചെയ്തിട്ടുള്ള നിസാം വര്‍ഷങ്ങളോളം കാസര്‍ഗോഡായിരുന്നു ജോലി ചെയ്തിരുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള സൗകര്യാര്‍ത്ഥം ആരോഗ്യ വകുപ്പിലെ ജോലി അവിടേക്ക് മാറ്റി വാങ്ങുകയായിരുന്നു. നിരവധി ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ സജീവമായിരുന്നു നിസാം. ചിത്രം റിലീസാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് അപ്രതീക്ഷിത വിയോഗം.

ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു സുബീഷ് സുധി പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് നല്‍കിയ പേര്. എന്നാല്‍ പിന്നീട് സെന്‍സർ ബോർഡ് ഇതിനെതിരെ രംഗത്ത് വരികയും പേരില്‍ നിന്നും ഭാരതം എന്നത് എടുത്ത് മാറ്റാനും നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ഒരു സർക്കാർ ഉത്പന്നം എന്ന പേരിലാണ് ചിത്രം സെന്‍സർ ചെയ്തത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഒരു സർക്കാർ ഉത്പന്നം. ലാല്‍ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന നടന്‍. ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here