ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനെയും വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് ശ്രമം. ചില കേസുകളില്‍ ജാമ്യമെടുത്ത് കോടതിക്ക് പുറത്തേക്ക് വന്നതായിരുന്നു ഡിസിസി പ്രസിഡന്റും കൂട്ടരും. ഈ വേളയില്‍ പോലീസ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഷിയാസും കുഴല്‍നാടനും കോടതിയിലേക്ക് തിരിച്ചു കയറി.
കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ഈ സംഭവത്തില്‍ ഷിയാസിനും മാത്യു കുഴല്‍നാടനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് പോലീസ് വാഹനം ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായത്.
പ്രതിഷേധം സംഘടിപ്പിച്ച കേസിലെ എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കി. അടുത്ത മൂന്ന് മാസത്തേക്ക് കോതമംഗലം നഗരപരിധിയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിന് ശേഷം കോടതിയില്‍ നിന്നിറങ്ങി മാധ്യമങ്ങളുമായി സംസാരിച്ച നേതാക്കള്‍ എറണാകുളത്തേക്ക് പോകാനൊരുങ്ങവെയാണ് വീണ്ടും അറസ്റ്റിന് ശ്രമമുണ്ടായത്.
ഇതോടെ സംഘര്‍ഷ സാഹചര്യമായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടം ചേര്‍ന്നു. ഡിസിസി പ്രസിഡന്റിനെ ജയിലില്‍ ഇടാനാണ് പിണറായി വിജയന്റെ പോലീസ് ശ്രമിക്കുന്നത് എന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ഇതിന് വേണ്ടി ആരും ചെയ്യാന്‍ മടിക്കുന്ന നീക്കങ്ങളാണ് നടക്കുന്നത്. ഭയന്ന് പിന്മാറില്ലെന്നും മാത്യുകുഴല്‍ നാടന്‍ എംഎല്‍എ വ്യക്തമാക്കി. കോടതിയില്‍ കയറിയാണോ പ്രതികളെ പിടിക്കുന്നത് എന്ന് ചിലര്‍ ചോദിച്ചു.
ഈ വേളയില്‍ ഷിയാസും കുഴല്‍നാടനും ധൈര്യസമേതം പോലീസിന് മുന്നിലെത്തി. എന്താണ് ചെയ്യുക എന്ന് കാണട്ടെ എന്നായിരുന്നു നേതാക്കളുടെ നിലപാട്. പോലീസിന് മുന്നിലെത്തി നിങ്ങള്‍ എടുക്ക് എന്ന് കുഴല്‍നാടന്‍ പറഞ്ഞു. എടുത്തോളാമെന്നും എടുത്തിരിക്കുമെന്നും പോലീസ് തിരിച്ചു പറഞ്ഞു. ശേഷം ഷിയാസും മാത്യു കുഴല്‍നാടനും കോടതിയില്‍ തിരിച്ചുകയറി.
ജാമ്യം ലഭിച്ച ശേഷം ഒപ്പുവയ്ക്കാതെയാണ് നേതാക്കള്‍ പുറത്തിറങ്ങിയിരുന്നത്. വൈകീട്ട് നാല് മണി വരെ ഒപ്പിടാന്‍ സമയമുണ്ട്. ഷിയാസ് ഇപ്പോഴും കോടതിയില്‍ തുടരുകയാണ്. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കി പോലീസ് കാത്തുനില്‍ക്കുന്നു.