ഒന്നാംഘട്ട പോളിങ് തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ

0
66

രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉൾപ്പെടെ 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചത്. പുലർച്ചയോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ഇടമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിൽ ഏറെയും ബിജെപി പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. എന്നാൽ തമിഴ്‌നാട് മാത്രമാണ് അവർക്ക് മുന്നിൽ ബാലികേറാമലയായി നിൽക്കുന്നത്.

വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പല രാഷ്ട്രീയ പ്രമുഖരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു. തമിഴ്‌നാട്ടിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം വോട്ട് രേഖപ്പെടുത്തി. തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കും ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവൻ സീറ്റുകളും ഇന്ത്യാ സഖ്യം നേടുമെന്നാണ് അദ്ദേഹം വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കൂടാതെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതും തന്റെ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ വച്ചാണ് മോഹൻ ഭാഗവത് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ചാണ് അദ്ദേഹം മടങ്ങിയത്. അതേസമയം, ഭരണം നിലനിർത്തുക എന്നതിലുപരി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 47 സീറ്റുകൾ കൂടുതൽ അഥവാ നാനൂറിൽ അധികം സീറ്റുകൾ നേടിയെടുക്കുക എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. പാർട്ടി ഒറ്റയ്ക്ക് 370 സീറ്റുകൾ നേടുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഇത് കഴിഞ്ഞ തവണത്തേക്കാൾ 63 സീറ്റുകൾ അധികമാണ്. കഴിഞ്ഞ തവണ പ്രതിപക്ഷമായ യുപിഎക്ക് നേടാനായത് വെറും 90 സീറ്റുകൾ മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here