മെൽബൺ: കൊറോണ പ്രോട്ടോക്കോൾ ലംഘനത്തിന് ഐസൊലേഷനിൽ പ്രവേശിപ്പിച്ച ഇന്ത്യൻ താരങ്ങളുടെ പരിശോധന ഫലം നെഗറ്റീവ്. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. ഔട്ട് ഡോർ റെസ്‌റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അഞ്ച് ഇന്ത്യൻ താരങ്ങളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.
രോഹിത് ശർമ്മ, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിവരെയാണ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ടീം ഹോട്ടലിന് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കളിക്കാർക്ക് അനുവാദമുണ്ടെങ്കിലും ഔട്ട് ഡോർ റെസ്റ്റോറന്റുകളിൽ വേണമെന്നാണ് നിർദ്ദേശമുള്ളത്. എന്നാൽ താരങ്ങൾ ഇൻഡോർ റെസ്റ്റോറന്റിൽ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒരു ആരാധകനാണ് താരങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഇന്ത്യൻ താരങ്ങൾ ഭക്ഷണം കഴിച്ചതിന്റെ പണം താനാണ് കൊടുത്തതെന്നും ഋഷഭ് പന്തിനെ താൻ കെട്ടിപ്പിടിച്ചെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ താൻ ആശ്ചര്യം കൊണ്ട് പറഞ്ഞുപോയതാണെന്നും ഋഷഭ് പന്തിനെ കെട്ടിപ്പിടിച്ചിട്ടില്ലെന്നും വ്യക്തമാക്കി ആരാധകൻ തന്നെ രംഗത്തുവന്നിരുന്നു.