ന്യൂഡൽഹി : ഇന്ത്യയ്‌ക്കൊപ്പം, 72ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്ക് ചേരാൻ ബംഗ്ലാദേശും. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി രജ്പത്തിൽ നടക്കുന്ന പരേഡിൽ ബംഗ്ലാദേശ് സൈന്യവും പങ്കെടുക്കും. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ ഇത് രണ്ടാം തവണയാണ് വിദേശ രാജ്യത്തിന്റെ സൈന്യം പങ്കെടുക്കുന്നത്.
ബിഡി-08 റൈഫിളുകളുമായി 96 സൈനികർ പരേഡിൽ മാർച്ച് നടത്തുമെന്നാണ് വിവരം. ബംഗ്ലാദേശിന്റെ ഗോൾഡൻ ജൂബിലി ഇരു രാജ്യങ്ങളും ചേർന്ന് ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ബംഗ്ലാദേശ് സൈന്യത്തെ പരേഡിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് പരിപാടികളാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇക്കുറി സംഘടിപ്പിക്കുന്നത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാകും പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുക. 25,000 പേർക്ക് മാത്രമാകും ആഘോഷങ്ങളിൽ പങ്കെടുക്കാൻ രജ്പത്തിലേക്ക് പ്രവേശനം ഉണ്ടാകുക. 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല. ഒരു ലക്ഷം ആളുകൾക്കാണ് സാധാരണയായി പ്രവേശനം നൽകാറ്.
പരേഡ് നടത്തുന്ന സ്‌ക്വാഡ് അംഗങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. സാധാരണയായി സ്‌ക്വാഡിൽ 144 അംഗങ്ങളാകും ഉണ്ടാകുക. എന്നാൽ ഇക്കുറി ഒരു സ്‌ക്വാഡിൽ 96 അംഗങ്ങൾക്കാണ് പങ്കെടുക്കാൻ അനുവാദം ഉള്ളത്. പരേഡിന്റെ ദൂരവും കുറച്ചിട്ടുണ്ട്.
ആദ്യമായി 2016 ലാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ വിദേശ സൈന്യം പങ്കെടുത്തത്. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്ദെ മുഖ്യതിഥിയായി എത്തിയപ്പോൾ ഫ്രഞ്ച് സൈന്യം പരേഡിൽ പങ്കെടുത്തിരുന്നു.