മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തെത്തുമോ? യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

0
11

ന്യൂഡല്‍ഹി: രാഷ്ട്രീയം തന്റെ മുഴുവന്‍ സമയ ജോലിയായി താന്‍ കണക്കാക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യോഗി ആദിത്യനാഥ് തന്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നോക്കൂ, ഞാന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്റെ പാര്‍ട്ടി എന്നെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്യ രാഷ്ട്രീയം എനിക്ക് മുഴുവന്‍ സമയ ജോലിയല്ല. നിലവില്‍ ഞങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരു യോഗിയാണ്,’ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം കാലം അതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനും ഒരു സമയപരിധി ഉണ്ടായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ ആര്‍ എസ് എസ് സെപ്റ്റംബറോടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിയെ രാജി വെപ്പിച്ച് പുതിയ നേതൃത്വത്തിന് വഴിയൊരുക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ ചില മുതിര്‍ന്ന ബിജെപി നേതാക്കള്‍ പിന്തുടരുന്ന അനൗപചാരിക വിരമിക്കല്‍ പ്രായത്തെക്കുറിച്ച് പരാമര്‍ശിച്ച് ആര്‍എസ്എസ് നേതാക്കള്‍ പ്രധാനമന്ത്രിയെ ’75 വയസ് മാനദണ്ഡം’ ഓര്‍മ്മിപ്പിച്ചതായി റാവത്ത് അവകാശപ്പെട്ടിരുന്നു. നിലവില്‍ മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന മോദിക്ക് സെപ്റ്റംബറില്‍ 75 വയസ് തികയും. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. അതേസമയം ബിജെപിയും ആര്‍എസ്എസും ഇത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 2029 ലും നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തും എന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ ബിജെപി ദേശീയ നേതൃത്വവുമായി അഭിപ്രായ വ്യത്യാസമുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ യോഗി ആദിത്യനാഥ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു

ഇങ്ങനെ ‘അത്തരമൊരു ചോദ്യം പോലും എവിടെ നിന്നാണ് വരുന്നത്? എല്ലാത്തിനുമുപരി. പാര്‍ട്ടി കാരണമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നത്. കേന്ദ്ര നേതാക്കളുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ എനിക്ക് ഇവിടെ ഇരിക്കാന്‍ കഴിയുമോ? തിരഞ്ഞെടുപ്പ് ടിക്കറ്റ് വിതരണം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് നടത്തുന്നത്. എല്ലാ കാര്യങ്ങളും പാര്‍ലമെന്ററി ബോര്‍ഡില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആര്‍ക്കും എന്തും പറയാം. ഒരാളുടെയും വായ അടയ്ക്കാന്‍ കഴിയില്ല,’ അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ട് തവണയായി ഒമ്പത് വര്‍ഷമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണ്. അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. 2019 ല്‍ 62 സീറ്റുകള്‍ നേടിയിടത്ത് നിന്ന് 33 സീറ്റാണ് ഇത്തവണ ബിജെപിക്ക് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here