സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ഇതോടെ, മലയാളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറി.
കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിനു ലഭിക്കുന്നത്. നാല് മാസത്തിനിടെ ഒരു തമിഴ് പടത്തിനും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് തമിഴ്നാട്ടിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് പ്രേക്ഷകരും മികച്ച പ്രതികരണമാണ് ചിത്രത്തിനു നൽകുന്നത്.
“ഇവിടെ ഞങ്ങളുടെ വിജയ് സാറിന്റെ ശമ്പളത്തിൽ നിങ്ങൾക്ക് അവിടെ 15 പടമെടുക്കാം. 150-160 കോടിയല്ലേ വാങ്ങുന്നത്? അതിന് മഞ്ഞുമ്മൽ ബോയ്സ് പോലെ നല്ല 15 പടമെടുക്കാം. തിയേറ്ററിലും നന്നായി ഓടും. ഇവിടെ തന്നെ 11 ദിവസമായി ഹൗസ് ഫുളാണ്. നല്ല കഥയെടുത്താൽ ഓഡിയൻസ് കാണാൻ എത്തും,” എന്നാണ് രണ്ടു തമിഴ് ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരും മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു.
“മഞ്ഞുമ്മൽ ബോയ്സ്, തിയേറ്റർ കാഴ്ചയുടെ ഉത്തുംഗമായ അനുഭവം, സിനിമ എന്ന മാജിക്കിലേക്കുള്ള ഒരു കണക്ഷൻ. നന്നായി ചെയ്തിരിക്കുന്നു ബോയ്സ്. ‘മനിതർ ഉണർതു കൊൾക’ എന്നത് സൗണ്ട് ട്രാക്കിൽ വരുമ്പോൾ, ഓപ്പണിംഗ് ദിനത്തിൽ ഗുണ കണ്ടതും പിന്നീട് നിരവധി തവണ കണ്ടതുമെല്ലാം ഓർമ്മയിലെത്തി,” എന്നാണ് ഗൗതം മേനോൻ കുറിച്ചത്.
അതേസമയം, ധീരവും മനോഹരവുമായ ആശയമാണ് മഞ്ഞുമ്മൽ ബോയ്സിന്റേതെന്നും ഹിന്ദി സിനിമയ്ക്ക് ഇത് റീമേക്ക് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ഒരിക്കലും സൃഷ്ടിക്കാനാവില്ലെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്.