മൂന്നാം വാരവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ബേസില്‍ ജോസഫ് നായകനായ ‘പാല്‍തു ജാന്‍വര്‍’ എന്ന ചിത്രം. പടത്തിന്റെ അവസാനം കുന്നിറങ്ങി വരുമ്പോള്‍ ബേസില്‍ പറയുന്നുണ്ട് എല്ലാ ജീവനും ഓരോ നിധിയാണെന്ന്. സിനിമ വരച്ചുകാണിക്കുന്ന ചിത്രവും ഇതു തന്നെയാണ്. കുടുംബസമേതം ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു ഫീല്‍ഗുഡ് ചിത്രം. പടം കണ്ടിറങ്ങിയപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുവെന്നാണ് പലരും പ്രതികരിച്ചത്.
പല രംഗങ്ങളും മനസ്സ് നിറച്ചുവെന്നും ഓരോ കഥാപാത്രങ്ങളും വളരെ പരിചിതരായ ആരൊക്കെയോ ആയി തോന്നിയെന്നും പ്രേക്ഷകര്‍ പലരും പ്രതികരിച്ചു. കുടിയാന്‍മല എന്ന തടി നാടന്‍ ഗ്രാമവും അവിടുത്തെ പച്ചയായ മനുഷ്യരും അവിടേക്ക് മൃഗാശുപത്രിയിലെ ലൈഫ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി വരുന്ന ‘പ്രസൂണ്‍’ എന്ന കഥാപാത്രവും പ്രസൂണിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമൊക്കെയായാണ് സിനിമ മുന്നോട്ടു പോകുന്നത്.
ഇന്ദ്രന്‍സിന്റെ പഞ്ചായത്ത് മെമ്പറും ഷമ്മി തിലകന്റെ ‘ഡോ. സുനില്‍ ഐസക്കു’മാണ്. ‘ആണോ കുട്ടാ’, എന്ന ഇന്ദ്രന്‍സിന്റെ ഡയലോഗ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തിലകനെ അനുസ്‍മിരിപ്പിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച ഷമ്മി തിലകന്റെ ‘എവരിതിംഗ് ഈസ് ഓക്കേ’ എന്ന ഡയലോഗും ഹിറ്റായിക്കഴിഞ്ഞു. കര്‍ഷകനായ ‘ഡേവിസാ’യി എത്തിയ ജോണി ആന്റണി അഭിനയത്തിനു പകരം ജീവിക്കുക തന്നെയായിരുന്നു. നവാഗത സംവിധായകനായ സംഗീത് പി രാജന്റെ കൈകളില്‍ അതിഭദ്രമായ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് മൂന്നാം വാരവും നിറഞ്ഞോടുന്ന തിയേറ്ററുകള്‍.