നാലുദിവസമായി കുടിവെള്ളത്തിനായുള്ള തിരുവനന്തപുരം നഗരത്തിലെ ജനങ്ങളുടെ നെട്ടോട്ടം അവസാനിച്ചു. പൈപ്പ് ലൈനിൻ്റെ പണികൾ പൂർത്തിയായതോടെ ഞായറാഴ്ച രാത്രി പത്തോടെ നഗരത്തിൽ പമ്പിംഗ് ആരംഭിച്ചു. പമ്പിംഗ് ആരംഭിക്കുന്നതിന് അരുവിക്കര പ്ലാൻ്റിലേക്ക് സൂപ്രണ്ടൻ്റ് എൻജിനീയർ നിർദേശം നൽകി.
ജനങ്ങൾക്ക് വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ടായതായി മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ 40 വാഹനങ്ങളിൽ രാത്രി വൈകിയും വെള്ളമെത്തിച്ചിരുന്നു. പത്ത് വാഹനങ്ങൾ കൊച്ചിയിൽ നിന്നും എത്തിക്കും. മാധ്യമങ്ങൾ ജനങ്ങളുടെ പരാതി അറിയിക്കാൻ നല്ല ശ്രമം നടത്തി. അവസാന പരാതി പരിഹരിക്കുന്നത് വരെ ടാങ്കറിൽ ജലവിതരണം നടത്തുമെന്നും മേയർ പറഞ്ഞു.
ജലഅതോറിറ്റി ഉദ്യോഗസ്ഥർക്ക് മേയർ നന്ദി അറിയിച്ചു. നഗരസഭയുടെ അനുവാദത്തോടെ മാത്രമേ ഇത്തരം പ്രവർത്തികൾ ഇനി നടത്താവൂ എന്ന ധാരണയായിട്ടുണ്ട്. പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
ജലവിതരണം സംബന്ധിച്ച് പ്രശ്‌നം കണക്കിലെടുത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബര്‍ ഒന്‍പത്, തിങ്കളാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ തിങ്കളാഴ്ച നടക്കുന്ന പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നത്തെ ഓണപരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.
വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍റെ ഉറപ്പ്. എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.
തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിര്‍ത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയിന്‍ പൈപ്പ് ലൈനുകളുടെ അലൈന്‍മെന്റാണ് പാതയിരട്ടിപ്പിക്കലിൻ്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്. 48 മണിക്കൂറുകൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.