സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന ലഹരി കേസുകളില്‍ അഭൂതപൂർവ്വമായ വർധനവാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷൻ ഡി -ഹണ്ടിൻറെ ഭാഗമായി ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍ മാത്രം 2762 കേസുകളിലായി ആകെ 2854 പേരെയാണ് പിടികൂടിയത്. 2023 മുതലുള്ള കേസുകള്‍ പരിഗണിക്കുകയാണെങ്കില്‍ മൂന്നുവർഷംകൊണ്ട് ലഹരി-അബ്കാരി കേസുകളുടെ എണ്ണം ആറിരട്ടിയായി വർധിച്ചു.
നാളെയുടെ പ്രതീക്ഷയായി മാറേണ്ട ഭാവി തലമുറക്കിടയിലാണ് ലഹരി, പ്രത്യേകിച്ച് എം ഡി എം എ അടക്കമുള്ള മാരക ഭവിഷ്യത്തുകള്‍ വിതയ്ക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായിരിക്കുന്നത്. ലഹരിയുടെ സ്വാധീനവലയത്തില്‍പ്പെട്ട് യുവാക്കള്‍ വലിയ രീതിയിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നതും ഇന്ന് നിത്യസംഭവമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ലഹരി മുക്ത സമൂഹം എന്ന ലക്ഷ്യം മുന്‍ നിർത്തിക്കൊണ്ട് ഡെയ്‌ലിഹണ്ടും വണ്‍ഇന്ത്യയും ചേർന്ന് ‘സേ നോ ടു ഡ്രഗ്സ്’ (Say No To Drugs’ ക്യാമ്പയിനുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്
‘സേ നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ലഹരി വിരുദ്ധ പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു. ലഹരിവിരുദ്ധ സന്ദേശവുമായി ഡെയ്‌ലിഹണ്ടും വണ്‍ഇന്ത്യയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ എഐ വീഡിയോ വിജിലന്‍സ് എഡിജിപി മനോജ് എബ്രഹാം ഔദ്യോഗികമായി പ്രകാശനം ചെയ്തു. വണ്‍ഇന്ത്യയുടെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത വീഡിയോ പ്രൊഡക്ഷന്‍ സ്റ്റുഡിയോയായ സ്പാർക്ക് ഒർജിനല്‍സാണ് മനോഹരമായ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
സമൂഹത്തില്‍ നടക്കുന്ന ക്രൈം കേസുകളില്‍ ലഹരിയുടെ സ്വാധീനം 20 മുതല്‍ 30 ശതമാനം വരെയാണെന്ന് വീഡിയോ പ്രകാശനം ചെയ്തതിന് പിന്നാലെ മനോജ് എബ്രഹാം അഭിപ്രായപ്പെട്ടു. ലഹരി യുവാക്കള്‍ക്ക് ഇടയില്‍ വലിയ ഒരു വിപത്തായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡി-ഹണ്ട് ക്യാമ്പയിന്‍ കേരള പൊലീസ് വിപുലമാക്കിയത്. മൂന്ന് തരത്തിലാണ് ഡി-ഹണ്ട് പ്രവർത്തിക്കുന്നത്. ലഹരിയുടെ ചെറുകിട വിതരണക്കാരുണ്ട്. പ്രധാനമായും വിദ്യാലയങ്ങളും മറ്റ് കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ വിതരണം നടത്തുന്ന ഹോള്‍സെയില്‍ വില്‍പ്പനക്കാരുണ്ട്. ഇതിന് പുറമെ കഞ്ചാവ് മുതല്‍ എം ഡി എം എ വരേയുള്ള ലഹരികള്‍ കേരളത്തിലെത്തിക്കുന്ന സംഘവുമുണ്ട്. ഈ ഒരു ശ്രേണിയെ കൃത്യമായ രീതിയില്‍ കണ്‍ട്രോള്‍ ചെയ്യണമെങ്കില്‍ സ്രോതസ്സുകളായി പ്രവർത്തിക്കുന്നവരെ പിടികൂടാനും നിയന്ത്രിക്കാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി ഹണ്ടിന്റെ ഭാഗമായി അടുത്തിടെ മാത്രം 3700 ലേറെ കേസുകള്‍ എന്‍ ഡി പി എസ് വകുപ്പ് അടിസ്ഥാനമാക്കി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനത്ത് നിന്നുള്ള ലഹരി വിതരണം തടയുകയെന്ന ലക്ഷ്യത്തോടെ ഡി ജി പിയുടെ നേതൃത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ ഒരു യോഗം ചേരുകയുണ്ടായി. ലഹരിവിരുദ്ധ നീക്കത്തിലെ സഹകരണം വർധിപ്പിക്കാനും ലഹരി സ്രോതസ്സുകള്‍ക്കെതിരായ നിയമനടപടികള്‍ ശക്തമാക്കുന്നതിനുമുള്ള തീരുമാനവും ആ യോഗത്തിലുണ്ടായി.