കേരളത്തിൽ ‘ചക്ക ബോർഡ്’ അനുവദിക്കണമെന്ന ആവശ്യവുമായി കെ ഫ്രാൻസിസ് ജോർജ്

0
34

കേരളത്തിൽ ‘ചക്ക ബോർഡ്’ അനുവദിക്കണമെന്ന ആവശ്യവുമായി കെ ഫ്രാൻസിസ് ജോർജ് എംപി. കേന്ദ്ര ബജറ്റിൻ ബീഹാറിന് ‘മഖാന ബോർഡ്’ അനുവദിച്ചതു പോലെ കേരളത്തിൽ ചക്കയുടെ ഉൽപ്പാദനത്തിനും സംസ്കരണത്തിനുമായി ചക്ക ബോർഡ് അനുവദിക്കണമെന്ന് കോട്ടയം എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് കേരളത്തിൽ ചക്ക ബോർഡ് അനുവദിക്കണെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടത്.

‘ധനകാര്യ വകുപ്പ് മന്ത്രി ദക്ഷിണേന്ത്യയിൽ നിന്നു വരുന്നതുകൊണ്ട് ചക്കയുടെ ഔഷധ ഗുണങ്ങളും പോഷകമൂല്യവും നന്നായി അറിയാമായിരിക്കുമെന്ന് കരുതുന്നു. മഖാന ബോർഡ് ബീഹാറിന് അനുവദിച്ചതിൽ യാതൊരു പരിഭവവും ഇല്ല. പക്ഷേ കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ കാര്യം മന്ത്രി പാടേ മറന്നതായി കാണുന്നു. അതുകൊണ്ട് ബജറ്റിൻ്റെ മറുപടിയിൽ ചക്കയ്ക്ക് വേണ്ടി പ്രത്യേക ബോർഡ് പ്രഖ്യാപിക്കണം.’ ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ആമ്പലിനു സമാനമായ നീർച്ചെടിയുടെ ഭക്ഷ്യയോഗ്യമായ ‘മഖാന’ വിത്തുകളുടെ ഉൽപാദനത്തിനും സംസ്കരണത്തിനുമായാണ് ബജറ്റിൽ മഖാന ബോർഡ് അനുവദിച്ചത്. ഇതിനായി 100 കോടി രൂപ നീക്കി വെച്ചിരുന്നു. ഇതുപോലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കുന്നത് അടക്കം ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ള ചക്കയുടെ ഉൽപ്പാദനത്തിനും സംസ്കരണത്തിനുമായി പ്രത്യേക ചക്ക ബോർഡും 100 കോടി രൂപയും അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം സംസ്ഥാനത്തെ റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും ഫ്രാൻസിസ് ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരി റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയോട് സംസ്ഥാന സർക്കാർ പ്രതിനിധികളുടെയും റെയിൽ‌വേ ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം വിളിക്കണമെന്ന് എംപി അഭ്യർത്ഥിച്ചു.

അഡ്വ. ജെബി മേത്തർ എംപിയും കോട്ടയം എംപിയ്ക്കൊപ്പം കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു.നേരത്തെ ‘സനാതനി: കർമ്മ ഹി ധർമ്മ ‘ എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണ് സിനിമ എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇത്.

മതങ്ങൾ തമ്മിൽ സ്പർദ്ധയും വൈരാഗ്യവും വളർത്താൻ മാത്രം ഉപകരിക്കുന്ന ഈ സിനിമക്ക് എങ്ങനെ പ്രദർശനാനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം. യേശു വ്യാജ ദൈവമാണന്നും, യേശുവിന് മൂന്ന് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, യേശു മജീഷ്യൻ ആയിരുന്നെന്നും, നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയാണ് യേശു ചെയ്തതെന്നും സിനിമയിൽ കാണിക്കുന്നു. ക്രൈസ്തവർ ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തതായി സിനിമയിൽ കാണിക്കുന്നെന്നും എംപി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here