വയനാട് തലപ്പുഴ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിന് ഒരാഴ്ച അവധി

0
41

വയനാട് തലപ്പുഴ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജിന് ഒരാഴ്ച അവധി നൽകി. തലപ്പുഴയിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അവധി. ഒരാഴ്ച പഠനം ഓൺലൈനിൽ നടത്തുമെന്നാണ് അറിയിപ്പ്. കോളജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകി.

വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടേത് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയത്. ജനങ്ങളുടെ പ്രതിഷേധത്തിന് പിന്നാലെ  പ്രദേശത്ത് കൂട് സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചു. ഡ്രോൺ ഉപയോഗിച്ച് വനഭാഗങ്ങളിൽ നിരീക്ഷണം നടത്തുന്നുമുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും രാത്രി ഒറ്റയ്ക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും വനം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

അതിനിടെ പഞ്ചാരക്കൊല്ലിയിൽ എസ്റ്റേറ്റ് മേഖലയിൽ ലയങ്ങൾക്ക് പിന്നാമ്പുറത്ത് കടുവയെത്തുന്നത് പതിവാണെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയമാണ്. കുട്ടികളെ പുറത്ത് വിടാനും പുലർച്ചെ ജോലിക്കിറങ്ങാനും പേടിയാണ്. കടുവയുടെ സാന്നിധ്യമുള്ളതിനാൽ തോട്ടത്തിൽ ജോലിക്കെത്തുന്നത് വൈകിയാണെന്നും തൊഴിലാളികൾ പറയുന്നു. സംസ്ഥാന സഹകരണ വകുപ്പിന്‍റെ ഉടമസ്ഥതയിലുളള പ്രിയദർശിനി ടീ എസ്റ്റേറ്റിൽ നൂറുകണക്കിന് തൊഴിലാളികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here