ഇന്ത്യയുടെ തീവ്രവാദി പട്ടികയിലുള്ള ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ കൊല്ലപ്പെട്ടു

0
68

പാകിസ്ഥാന്‍ തീവ്രവാദ സംഘടനായായ ഹിസ്ബുള്‍ മുജാഹിദ്ദീൻ ലോഞ്ചിങ് കമാന്‍ഡര്‍  അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബഷീർ അഹമ്മദ് പീർ എന്ന ഇംതിയാസ് ആലം ആണ് ​​തിങ്കളാഴ്ച വൈകുന്നേരം പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ വെടിയേറ്റ് മരിച്ചത്. റാവൽപിണ്ടിയിലെ ഒരു കടയ്ക്ക് പുറത്ത് വെച്ച് അജ്ഞാത സംഘം ബഷീറിനെ വെടിവെച്ചുകൊന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2022 ഒക്ടോബറില്‍ നാലിന് യുഎപിഎ നിയമപ്രകാരം ഇന്ത്യന്‍ സര്‍ക്കാര്‍  തീവ്രവാദിയായി പ്രഖ്യാപിച്ചയാളാണ് കൊല്ലപ്പെട്ട ബഷീർ അഹമ്മദ് പീർ. നിയന്ത്രണ രേഖയിലൂടെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ സഹായിച്ചിരുന്ന ബഷീർ അഹമ്മദ് പീറിന്‍റെ മരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ്.

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ബാബർപോറ പ്രദേശത്ത് താമസിച്ചിരുന്ന ബഷീർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി റാവൽപിണ്ടിയിലേക്ക് താമസം മാറ്റിയിരുന്നു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌കർ-ഇ-യുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി  തീവ്രവാദികളെയും ജിഹാദി ഭീകര സംഘടനകളുടെ മറ്റ് കേഡർകളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഓൺലൈൻ പ്രചരണ ഗ്രൂപ്പുകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

തീവ്രവാദ സംഘടനയായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ മുഖ്യ കമാൻഡറായിരുന്ന സാക്കിർ മൂസയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബഷീർ അഹമ്മദ് പീര്‍ ആയിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു.2019 മെയ് 23 നാണ് സാക്കിർ മൂസ കൊല്ലപ്പെട്ടത്. 2007 മാർച്ചിൽ പാകിസ്ഥാൻ ആർമിയുടെ ഇന്റലിജൻസ് ഡയറക്ടറേറ്റ് പീറിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ഐഎസ്‌ഐയുടെ നിർദേശത്തെ തുടർന്ന് ഇയാളെ ഉടൻ വിട്ടയച്ചു. അന്നുമുതൽ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നതിനിടെ ഇയാൾ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here