റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാകാൻ മലയാളി, സന്തോഷത്തിൽ വടക്കഞ്ചേരി ഗ്രാമം

0
64

പാലക്കാട്:  അമേരിക്കൻ പ്രസിഡന്റെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന അമേരിക്കൻ മലയാളി വിവേക് രാമസ്വാമിയുടെ പ്രഖ്യാപനത്തിൽ  ഏറെ സന്തോഷത്തിലും  അഭിമാനത്തിലുമാണ് പാലക്കാട് വടക്കഞ്ചേരി അഗ്രഹാരം.വിവേകിൻ്റെ പിതാവ് രാമസ്വാമിയുടെ ജന്മനാടാണിത്. 1974 ലാണ് മെക്കാനിക്കൽ എഞ്ചിനീയറായ രാമസ്വാമിയും ഭാര്യ ഗീതയും  അമേരിക്കയിലേക്ക് പോയത്. തുടർന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവരുടെ മൂത്ത മകനാണ് വിവേക്. രണ്ടാമത്തെയാൾ ശങ്കർ.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള വിവേകിൻ്റെ  തീരുമാനം കുടുംബാംഗങ്ങൾക്ക് ഏറെ സന്തോഷവും അതോടൊപ്പം അത്ഭുതവുമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ ഇനിയും കടമ്പകളുണ്ടെങ്കിലും അവയെല്ലാം മറികടക്കുമെന്ന പ്രതീക്ഷയാണ് കുടുംബാംഗങ്ങൾക്കുള്ളത്.മികച്ച സംരംഭകനായി അമേരിക്കയിൽ തിളങ്ങി നിൽക്കുന്ന വിവേക്  രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത് വലിയ സർപ്രൈസായെന്ന് കുടുംബാംഗമായ ജയശ്രീയും അഡ്വ. ഗണേശും  പറഞ്ഞു.  പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ആളായിരുന്നു വിവേകെന്നും ഇവർ പറഞ്ഞു.

വിവേകിൻ്റെ ഭാര്യ ഡോ. അപൂർവ്വ തിവാരി  ഉത്തർപ്രദേശ് സ്വദേശിയാണ്. വിവാഹത്തിന് ശേഷം ഇരുവരും  വടക്കഞ്ചേരിയിൽ എത്തിയിരുന്നു. 2018 ലാണ് ഏറ്റവും ഒടുവിലായി എത്തിയത്. എന്നാൽ വിവേകിൻ്റെ അച്ഛനും അമ്മയും എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. ഒന്നര മാസം മുൻപ്  രാമസ്വാമിയും ഗീതയും പാലക്കാട് വന്ന് മടങ്ങിയതേയുള്ളു.വടക്കഞ്ചേരി സ്വദേശി ഗണപതി അയ്യർ – തങ്കം ദമ്പതികളുടെ ഏഴു മക്കളിൽ രണ്ടാമനാണ് രാമസ്വാമി. മറ്റു മക്കളായ ഡോ. രാമനാഥൻ, മോഹൻ, പ്രൊഫ. വൃന്ദ, ഇന്ദിര, ശോഭ തുടങ്ങിയവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. രാമസ്വാമിയുടെ സഹോദരി ചന്ദ്ര സുബ്രഹ്മണ്യൻ മാത്രമാണ് നാട്ടിലുള്ളത്.

ഇവരുടെ കുടുംബത്തിൽ ഇതിന് മുൻപ് ഒരാൾ മാത്രമാണ് രാഷ്ട്രീയ രംഗത്തിറങ്ങിയിട്ടുള്ളു. വിവേകിൻ്റെ അച്ഛൻ രാമസ്വാമിയുടെ വലിയമ്മയുടെ മകൻ അഡ്വ. മുത്തുസ്വാമി ജില്ലയിലെ ആദ്യകാല  ബിജെപി നേതാവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here