പാലക്കാട് • ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ മോട്ടർ വാഹന വകുപ്പിന്റെ ‘ ഓപ്പറേഷൻ റേസ് ‘ പരിശോധന ജില്ലയിൽ തുടങ്ങി. മത്സരയോട്ടം, വാഹനങ്ങളിലെ അഭ്യാസ പ്രകടനം, അപകടകരമായും സിഗ്നൽ തെറ്റിച്ചും വാഹനമോടിക്കൽ എന്നിവ കണ്ടെത്തിയാൽ പിഴയ്ക്കു പുറമേ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കും. വാഹനം രൂപമാറ്റം വരുത്തിയാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യും.
7 ദിവസത്തിനുള്ളിൽ ഇതു പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിൽ റജിസ്ട്രേഷൻ റദ്ദു ചെയ്യാനാണു നീക്കം. എൻഫോഴ്സ്മെന്റ് ആർടിഒ, ആർടിഒ എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡുകളായാണു പരിശോധന. മത്സരയോട്ടവും അഭ്യാസ പ്രകടനവും സ്ഥിരമായി നടക്കുന്ന ഇടങ്ങളിൽ പതിവായി പരിശോധന നടത്തും. കോളജുകൾക്കു സമീപത്തും മൈതാനത്തും ഇത്തരം അഭ്യാസ പ്രകടനങ്ങൾ പതിവാണെന്ന പരാതിയും പരിശോധിക്കുന്നുണ്ട്.
വാഹനങ്ങളുടെ മത്സരയോട്ടം, അഭ്യാസ പ്രകടനം, അപകടകരമായ വിധം വാഹനമോടിക്കൽ, മഡ് റേസ്, ഓഫ് റോഡ് റേസ് എന്നിവ ശ്രദ്ധയിൽപെട്ടാൽ അതിന്റെ ദൃശ്യങ്ങൾ സഹിതം വാട്സാപ്പിൽ മോട്ടർ വാഹന വകുപ്പിനു പരാതി നൽകാം. നമ്പർ: 9188961009. ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും.