ദില്ലി: ഇന്ത്യൻ വാർത്താ വിനിമയ ഉപഗ്രഹം ജി സാറ്റ് 24 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയനായിലെ യൂറോപ്യൻ സ്പേസ് പോർട്ടിൽ നിന്ന് പുലർച്ചെ 3.20-നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ ഉപഗ്രഹ കരാർ ദൗത്യമായിരുന്നു ഇത്.
അരിയാൻ സ്പേസിന് ഈ വിക്ഷേപണം മറ്റൊരു സാധാരണ ദൗത്യം മാത്രം, എന്നാൽ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് ഇത് പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാർ ഉപഗ്രഹ ദൗത്യം വിജയമായത് ഐഎസ്ആർഒയ്ക്ക് മറ്റൊരു നേട്ടമായി.
ടാറ്റ പ്ലേയ്ക്ക് വേണ്ടി നിർമ്മിച്ച നാല് ടൺ ഭാരമുള്ള കു ബാൻഡ് ഉപഗ്രഹം അരിയാൻ 5 കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചു. അരിയാൻ സ്പേസ് വിക്ഷേപിക്കുന്ന 25-ാം ഇന്ത്യൻ ഉപഗ്രഹം കൂടിയായിരുന്നു ഇത്.