ശബരിമല: ഭക്തന്മാരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവം അയ്യപ്പന്റെ അനുഗ്രഹത്തോടെ ഏറ്റവും ഭംഗിയായാണ് സമാപിക്കുന്നതെന്ന് ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരി പറഞ്ഞു. ഒരുപക്ഷേ, എറ്റവും കൂടുതൽ ഭക്തജനങ്ങൾ എത്തിച്ചേർന്ന മണ്ഡല-മകരവിളക്ക് കാലമാണ് കടന്നു പോവുന്നത്. എല്ലാ സർക്കാർ വകുപ്പുകളും മികച്ച രീതിയിൽ സഹകരിച്ച് പ്രവർത്തിച്ചു.
തിരക്ക് കൂടുതലായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങൾ ഒന്നും സംഭവിക്കാതെ മണ്ഡലകാലം പൂർത്തിയാക്കാൻ സാധിച്ചു. വെള്ളിയാഴ്ച രാവിലെ തിരുവാഭരണം പന്തളം കൊട്ടാരത്തിലേക്ക് തിരിച്ചയച്ച ശേഷം വിഭൂതി കൊണ്ട് ഭഗവാനെ മൂടി യോഗനിദ്രയിലേക്ക് നയിക്കും. തുടർന്ന് കുംഭമാസ പൂജക്കായി ഫെബ്രുവരി 12ന് വൈകുന്നേരം നട തുറക്കുമെന്നും മേൽശാന്തി പറഞ്ഞു.