അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപത്തെ മൃദുലാണ് (14) മരിച്ചത്. ജൂൺ 24നായിരുന്നു കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു.
രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണ് മൃദുൽ.മൃദുലിന് ഇന്നല പുലർച്ചെ മുതൽ വിദേശത്തുനിന്ന് എത്തിച്ച മരുന്ന് നൽകിത്തുടങ്ങിയിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. സർക്കാർ ഇടപെടലിനെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് കോഴിക്കോട്ടേക്ക് മരുന്നെത്തിച്ചത്.
അരമണിക്കൂറിനകം ആദ്യ ഡോസും, പകൽ പതിനൊന്നിന് രണ്ടാമത്തെ ഡോസും നൽകിയെങ്കിലും രാത്രി വൈകിയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. രാത്രിയോടെ മരണവും സംഭവിച്ചു.ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ് – ജ്യോതി ദമ്പതികളുടെ മകനായ മൃദുൽ ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
കുളത്തിൽ കുളിച്ച ശേഷമാണ് കുട്ടിയിൽ രോഗ ലക്ഷണം കണ്ടതെന്നാണ് റിപ്പോർട്ട്. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തിലാണ് കുട്ടി കുളിച്ചത്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെയായി മൂന്നുകുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്.
കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു – ധന്യ ദമ്പതികളുടെ മകൾ വി ദക്ഷിണ (13), മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ പന്ത്രണ്ടിനാണ് ദക്ഷിണ മരിച്ചത്.
സ്കൂളിൽ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സംശയം. സാധാരണ രീതിയിൽ അമീബ ശരീരത്തിൽ പ്രവേശിച്ചു നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. എന്നാൽ ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടത്.