കൊച്ചി മെട്രോ ഞായറാഴ്ച പതിവിലും നേരത്തെ ഓടും, ഒപ്പം അധിക സർവ്വീസും.

0
60

കൊച്ചി: കൊച്ചി മെട്രോ ഈ ഞായറാഴ്ച അര മണിക്കൂർ നേരത്തെ സർവ്വീസ് തുടങ്ങും. ഒപ്പം അധിക സര്‍വ്വീസുമുണ്ട്. യുപിഎസ്‍സി പരീക്ഷ നടക്കുന്നതിനിലാണ് മെട്രോ നേരത്തെ സര്‍വ്വീസ് തുടങ്ങുന്നത്.

ഞായറാഴ്ച യുപിഎസ്‍സി എൻജിനിയറിംഗ് സർവ്വീസസ്, കമ്പൈൻഡ് ജിയോ സയന്‍റിസ്റ്റ് പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോയുടെ സർവ്വീസ് സമയം ദീർഘിപ്പിച്ചത്. പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്താൻ ഞായറാഴ്ച രാവിലെ 7 മണി മുതൽ സർവ്വീസ് തുടങ്ങും. ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നാണ് സർവ്വീസ് ആരംഭിക്കുക. നിലവിൽ ഞായറാഴ്ചകളില്‍ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങുന്നത്.

അതിനിടെ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിലെ അവസാന ഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.

ഫെബ്രുവരി 12, 13 തീയതികളിൽ തൃപ്പൂണിത്തുറ സ്റ്റേഷനിൽ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവയാണ് ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പരിശോധിച്ചത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള റെയിൽവേ സുരക്ഷാ കമ്മീഷണർ അനന്ദ് എം ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് മെട്രോ സർവ്വീസ് ആരംഭിക്കുന്നതിന് അംഗീകാരം നൽകിക്കൊണ്ടുള്ള ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ മറുപടി എത്രയും വേഗം ലഭിക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here