ദുബൈ: പരിമിതികളെ മറികടന്ന് ഖുര്‍ആന്‍ പാരായണം ചെയ്ത് ലോകത്തെ വിസ്മയിപ്പിക്കുകയാണ് മുഹമ്മദ് ഈസ എന്ന 13കാരന്‍.
കാഴ്ചശക്തിയും നടക്കാനുള്ള ശേഷിയുമില്ലാതെ പിറന്നുവീണ ഈ ബാലന്‍ ഖുര്‍ആന്‍ പാരായണംചെയ്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടുകയാണ്. കൃത്യമായ സംസാരശേഷി പോലുമില്ലെങ്കിലും ഖുര്‍ആന്‍ പാരായണത്തിന് ഇതൊന്നും തടസ്സമില്ല. ദുബൈയില്‍ പ്രവാസിയായ തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി അബ്ദുല്‍ ഹാദിയുടെയും ഹലീമുന്നിസയുടെയും മകനാണ് ഈസ.
2009ല്‍ ദുബൈയിലാണ് ഈസയുടെ ജനനം. പരിമിതികളോടെയായിരുന്നു പിറന്നുവീണത്. നാലാം വയസ്സില്‍ സമീപത്തെ പള്ളിയില്‍നിന്ന് തറാവീഹ് നമസ്കാരത്തിന്‍റെ ഖുര്‍ആന്‍ പാരായണം ഈസയും ഏറ്റുചൊല്ലാന്‍ തുടങ്ങിയതോടെയാണ് മകന്‍റെ കഴിവ് തിരിച്ചറിഞ്ഞത്. സഹോദരിമാരായ സുമയ്യയും ആയിഷയും ചേര്‍ന്ന് യൂ ട്യൂബില്‍ ഖുര്‍ആന്‍ പാരായണങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങിയതോടെ ഈസ ഖുര്‍ആന്‍ മനഃപാഠമാക്കാനും തുടങ്ങി. മണിക്കൂറോളം നിര്‍ത്താതെ ഖുര്‍ആന്‍ പാരായണം ചെയ്യാനുള്ള കഴിവുണ്ട് ഈ കുട്ടിക്ക്. അതും, ഉച്ഛാരണപ്പിശകുപോലുമില്ലാതെ വ്യത്യസ്ത ഈണത്തില്‍. അഞ്ചാം വയസ്സില്‍ ഉംറ നിര്‍വഹിക്കുന്നതിനിടെ മക്ക ഹറമില്‍ ഈസയുടെ പാരായണംകേട്ട് ചുറ്റുമുള്ളവര്‍ തടിച്ചുകൂടിയിരുന്നു.
ഇതോടെ ഹറം അധികൃതര്‍ ഇടപെട്ട് കുട്ടിക്ക് പൊലീസ് സംരക്ഷണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തുകയും ഖുര്‍ആന്‍ പാരായണത്തിന് സൗകര്യമൊരുക്കുകയും ചെയ്തു. യു.എ.ഇയില്‍ നടന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ ഈസയുടെ ഷോക്കേസില്‍ നിറയെ ട്രോഫികളും പതക്കങ്ങളുമാണ്. കൂടുതല്‍ സമയം നിര്‍ത്താതെ ഖുര്‍ആന്‍ പാരായണംചെയ്ത നിശ്ചയദാര്‍ഢ്യ വിഭാഗക്കാരന്‍ എന്ന റെക്കോഡും ഈസ സ്വന്തമാക്കി. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതാണ് ഈസയുടെ ആഗ്രഹം. പിറന്നുവീണത് പരിമിതികളോടെയാണെങ്കിലും തങ്ങളുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഈസയെന്ന് ഹാദിയും ഹലീമുന്നിസയും പറയുന്നു. ഖുര്‍ആന്‍ പാരായണവുമായി സമൂഹമാധ്യമങ്ങളിലും നിറയുകയാണ് ഈ 13കാരന്‍.