തിരുവനന്തപുരം: ഫയല്‍ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടര്‍ന്ന് മൂന്നു ജിവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരില്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി ബിജുവിനോട് തട്ടിക്കയറി ഡെപ്യൂട്ടി മേയര്‍ പി.കെ രാജു.
സംഭവത്തില്‍ മേയറുടെ സാന്നിധ്യത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചക്കിടെയാണ് പരസ്പരം റാസ്കല്‍ വിളികള്‍ ഡെപ്യൂട്ടി മേയറും സൂപ്പര്‍വൈസറും നടത്തിയത്.
ഒന്നര ആഴ്ച മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിക്കാനായി കണ്ടിന്‍ജന്റ് ജീവനക്കാരുടെ ശമ്ബള ഫയല്‍ തയാറാക്കി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്യൂണ്‍മാരെ ഏല്‍പ്പിച്ചു. എന്നാല്‍ അടുത്ത ദിവസം വൈകിട്ടായിട്ടും ഫയല്‍ എത്തിയില്ല. തുടര്‍ന്ന് അലമര പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ 8 ഉദ്യോഗസ്ഥര്‍ ഫയലുകള്‍ ചുമന്ന് ജനറല്‍, അക്കൗണ്ട്സ് വിഭാഗങ്ങളില്‍ എത്തിച്ചു. ത്യവിലോപം കാട്ടിയതിനു സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി നഴ്സറിയിലേക്കും രണ്ടാമനം കളിപ്പാന്‍കുളം നഴ്സറിയിലേക്കും സ്ഥലം മാറ്റി.
സ്ഥലം മാറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡപ്യൂട്ടി മേയര്‍ പി.കെ. രാജു ഹെല്‍ത്ത് സൂപ്പര്‍ വൈസറോട് ആവശ്യപ്പെട്ടു. എന്നാല്‍ സാധ്യമല്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ അറിയിച്ചു. പരാതിയുമായി ഡപ്യൂട്ടി മേയര്‍, മേയറെ സമീപിച്ചു. ഉച്ചയ്ക്ക് മേയറുടെ ഓഫിസ് മുറിയില്‍ അനുരഞ്ജന ചര്‍ച്ച നടക്കുന്നതിനിടെയാണ് ഇരുവരും പരസ്പരം കൊമ്ബു കോര്‍ത്തത്.
തുടര്‍ന്ന് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജുവിനെതിരേ നടപടിയെടുക്കാനുള്ള ശുപാര്‍ശ നല്‍കി. ഇത് സെക്രട്ടറി താത്കാലികമായി തടഞ്ഞു. കോര്‍പറേഷനിലെ ഹരിത കര്‍മ സേനാ രൂപീകരണ മികവിനു തദ്ദേശ വകുപ്പിന്റെ അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ബിജുവിന് എതിരെ നടപടി ആവശ്യപ്പെട്ടത്. അവാര്‍ഡ് ദാന ചടങ്ങില്‍ ഡപ്യൂട്ടി മേയറും ബിജുവും ഒരുമിച്ചാണ് പങ്കെടുത്തത്.