ലക്നൗ: യുപിയിലെ ആസംഗഡ് ജില്ലയില്‍ ഗ്രാമത്തലവന് കൊല്ലപ്പെട്ടതിനെ തുടർന്ന് കലാപം. അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങളും പോലീസ് പോസ്റ്റും അഗ്നിക്കിരയാക്കി. അക്രമത്തിൽ ഒരു കുട്ടി മരിച്ചതായും റിപ്പോർട്ട് ഉണ്ട്. ഗ്രാമത്തലവനായ പപ്പു റാമിനെയാണ് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
പപ്പു റാം സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. കൃത്യത്തിനു ശേഷം അക്രമികള്‍ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചത്.
മുതിര്‍ന്ന പോലീസുകാരുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. പ്രതികള്‍ക്കെതിരെ എന്‍എസ്എ, ഗ്യാംഗ്സ്റ്റര്‍ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഗ്രാമത്തലവന്റെ കുടുംബത്തിനും അക്രമത്തിനിടെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും നിർദ്ദേശമുണ്ട്.