അറബി ഭാഷ ഇനി കീറാമുട്ടിയാകില്ല; യുഎഇയിൽ സൗജന്യമായി അറബി പഠിക്കാന്‍ വഴിയുണ്ട്

0
13

തൊഴിൽ തേടി യുഎഇയിലോ മറ്റു ഗള്‍ഫ് രാജ്യങ്ങളിലോ എത്തുന്ന പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് ഭാഷ. അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുന്ന പ്രവാസികള്‍ക്ക് കൂടുതൽ മികച്ച തൊഴിലസവരങ്ങള്‍ ലഭിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതുകൊണ്ട് തന്നെ അറബി പഠിക്കാന്‍ തന്നെയാണ് ഭൂരിഭാഗം പ്രവാസികളും തീരുമാനിക്കാറുള്ളത്. യുഎഇയിൽ അറബി പഠിക്കാനും, അറിയാവുന്ന അറബി ഭാഷ മെച്ചപ്പെ‍ടുത്താനും നിരവധി വഴികളുണ്ട്. ഇക്കൂട്ടത്തിൽ അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റി അവതരിപ്പിക്കുന്ന സൗജന്യ പ്ലാറ്റ്ഫോമിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

പ്രവാസികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ‘മുബീന്‍’ അറബിക് ഭാഷ പ്ലാറ്റ്ഫോം ഇക്കഴിഞ്ഞ ജനുവരി 16-നാണ് അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റി ലോഞ്ച് ചെയ്തത്. അറബി ഭാഷയിൽ വ്യത്യസ്ത ലെവലിലുള്ള വൈദഗ്ദ്യം നേടുന്നതിനായി തയ്യാറാക്കിയ മികച്ച കോഴ്സുകളാണ് ഈ പ്ലാറ്റ്ഫോമിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിങ്ങള്‍ ആഗ്രഹിക്കുന്ന വേഗതയിൽ അനായാസം അറബി പഠിക്കാന്‍ മുബീന്‍ പ്ലാറ്റ്ഫോം സഹായിക്കും. അടുത്തിടെ യുഎഇയിലെത്തിയ പുതിയ പ്രവാസികള്‍ക്ക് അറബി പഠിക്കാം എന്ന് മാത്രമല്ല, കാലങ്ങളായി രാജ്യത്തുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ഭാഷ മെച്ചപ്പെടുത്താനും പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താവുന്നതാണ്.

എന്താണ് മുബീന്‍ പ്ലാറ്റ്ഫോം?
അൽ ഖാസിമിയ്യ യൂണിവേഴ്സിറ്റിയിലെ ഭാഷാ കേന്ദ്രം കൈകാര്യം ചെയ്യുന്ന സൗജന്യ ഭാഷാ പ്ലാറ്റ്ഫോമാണ് മുബീന്‍. Beginner മുതൽ Advanced വരെയുള്ള ഏഴ് ലെവലുകളായാണ് മുബീന്‍ പ്ലാറ്റ്ഫോം അറബി ഭാഷാ പഠനത്തിനുള്ള അവസരം ഒരുക്കുന്നത്. കോഴ്സുകള്‍ക്ക് പുറമേ, കംപ്യൂട്ടറസൈഡ് അറബിക് ലാഗ്വേംജ് പ്രൊഫിഷ്യന്‍സി ടെസ്റ്റുകളും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. വിജയകരമായി കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന പഠിതാക്കള്‍ക്ക് ഇ – സര്‍ട്ടിഫിക്കറ്റുകളും നേടാനാകും. പഠിതാക്കളെ അവരുടെ സ്വന്തം വേഗതയിൽ, ഇഷ്ടമുള്ള സ്ഥലത്ത് ഇരുന്ന് അറബി പഠിക്കാന്‍ അനുവദിക്കുന്നതിനായി റിമോട്ട് പഠന രീതികളാണ് പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുന്നത്.

എങ്ങനെ ജോയിന്‍ ചെയ്യാം?
മുബീന്‍ അറബിക് ഭാഷാ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി mubeen.alqasimia.ac.ae എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യണം. പ്രോഗ്രാമിൽ ജോയിന്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് ചില യോഗ്യതകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. ഒരു ഹൈസ്കൂള്‍ ഡിപ്ലോമ ഇവര്‍ക്ക് ഉണ്ടായിരിക്കണം. അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി അറബി ഭാഷയിൽ ഒരു പ്ലേസ്മെന്‍റ് ടെസ്റ്റ് ഉണ്ടായിരിക്കും. ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റി, ഉന്നതവിദ്യഭ്യാസ സ്ഥാപനം എന്നിവിടങ്ങളിൽ നിന്നോ മറ്റോ അക്കാദമിക് അല്ലെങ്കിൽ ഡിസിപ്ലിനറി കാരണങ്ങളാല്‍ പുറത്താക്കപ്പെട്ട വ്യക്തിയല്ലെന്ന് അപേക്ഷകര്‍ സ്ഥിരീകരിക്കണം. ഏറ്റവും കുറഞ്ഞത് ഈ വ്യക്തികള്‍ക്ക് 16 വയസ്സ് പ്രായമുണ്ടായിരിക്കണം

സമര്‍പ്പിക്കേണ്ട രേഖകള്‍
ഹൈസ്കൂള്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതായി വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് പ്രധാനമായും സമര്‍പ്പിക്കേണ്ടത്. ഇത് വിദ്യഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, നിങ്ങളുടെ രാജ്യത്തെ യുഎഇ എംബസി എന്നിവിടങ്ങളിൽ നിന്ന് അറ്റസ്റ്റ് ചെയ്തതായിരിക്കണം. യുഎഇ എംബസി നിങ്ങളുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെങ്കിൽ ഏതെങ്കിലുമൊരു അറബ് രാജ്യത്തിന്‍റെ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യാവുന്നതാണ്. ഹൈ സ്കൂള്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ രാജ്യത്തെ വിദ്യഭ്യാസ മന്ത്രാലയത്തിൽ നിന്ന് നിങ്ങള്‍ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിൽ പഠനം നടത്താന്‍ അര്‍ഹനാണെന്ന് വ്യക്തമാക്കുന്ന എലിജിബിലിറ്റി ലെറ്ററും ആവശ്യമാണ്. നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് അറബി ഭാഷയിലോ ഇംഗ്ലീഷിലോ അല്ല എങ്കിൽ ഒരു സര്‍ട്ടിഫൈഡ് ട്രാന്‍സലേറ്റര്‍ അത് അറബിയിലേക്കോ ഇംഗ്ലീഷിലേക്കോ ട്രാന്‍സലേറ്റ് ചെയ്യണം. പാസ്പോര്‍ട്ട് കോപ്പി, വെള്ള പശ്ചാത്തലത്തിൽ പകര്‍ത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും സമര്‍പ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here