മോസ്‌കോ: കോവിഡിനെതിരെയുള്ള ലോകത്തിലെ ആദ്യത്തെ വാക്‌സീന്‍ പ്രഖ്യാപനത്തിന് പിന്നാലെ രണ്ടാമത്തെ വാക്‌സിനുമായി റഷ്യ. സൈബീരിയയിലെ വൈറോളജി ലാബില്‍ നിന്നും റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയായതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ അഥവാ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ‘എപിവാക് കൊറോണ’ എന്ന വാക്‌സീന്റെ പരീക്ഷണങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നത്.
‘എപിവാക് കൊറോണ വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങള്‍ സുരക്ഷിതമായും ഫലപ്രദമായും വിജയിച്ചു’ വെക്ടറുടെ പ്രസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു ഈ മാസം ആദ്യമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സീന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയായത്.
അംഗീകാരത്തിനു ശേഷമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായ ശേഷം രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന പെപ്‌റ്റൈഡുകളെ അടിസ്ഥാനമാക്കി വാക്‌സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് അന്തിമ നിഗമനങ്ങളില്‍ എത്താന്‍ കഴിയുമെന്ന് വെക്ടര്‍ അറിയിച്ചു. വെക്ടറുടെ വാക്‌സിന് മൂന്നാഴ്ചയ്ക്കുള്ളില്‍ അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്