സംഗീതം എന്ന മൂന്നക്ഷരത്തിന്റെ മാന്ത്രികത അനുഭവിക്കാത്ത മനുഷ്യരില്ല. ജീവലോകവുമായി അത്രത്തോളം ഇഴചേര്‍ന്നു കിടക്കുന്നതാണ് അത്. ഭൂമിയുടെ ഓരോ ചലനത്തിലും താളമുണ്ട്. സംഗീതമുണ്ട്. നമ്മുടെ ജീവനും ജീവിതവുമായി അത്രമേല്‍ ഇഴചേര്‍ന്നു കിടക്കുന്ന സംഗീതത്തിനായി മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ജൂണ്‍ 21. ഈ ദിനത്തില്‍ ആര്‍ക്കും എവിടെയും ആടിപ്പാടാം. സങ്കോചങ്ങളില്ലാതെ മനസ്സു തുറന്നു പാടാന്‍ ഒരു ദിവസം. ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വീടുകളില്‍ അടച്ചിരുന്നപ്പോള്‍ പലര്‍ക്കും കൂട്ടായത് സംഗീതമായിരുന്നു. അകലങ്ങളിലിരുന്ന് പാട്ടു പാടി കോവിഡ് ഭീതിയെ അതിജീവിക്കാന്‍ ലോകജനത നടത്തിയ ശ്രമങ്ങള്‍ക്ക് കാലം സാക്ഷി. അതിനാല്‍, ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷത്തെ സംഗീതദിനം കടന്നു പോകുന്നത്.
കൂടിച്ചേരലുകളും ചേര്‍ത്തുപിടിക്കലുകളും കോവിഡ് പ്രോട്ടോകോളിനു വഴി മാറിയ കാലത്തിലൂടെയാണ് ലോകം കടന്നു പോയത്. ഈ ദിവസങ്ങളില്‍ ജാതിമതഭേദമന്യേ, വര്‍ണഭാഷാ വ്യത്യാസമില്ലാതെ ലോകം ഒപ്പം കൂട്ടിയത് സംഗീതത്തെയായിരുന്നു. ഒരു ഫോണും ഇന്റര്‍നെറ്റ് കണക്‌ഷനും ഉള്ളവര്‍ അറിയാവുന്ന പാട്ടുകള്‍ അറിയാവുന്ന രീതിയില്‍ പാടി പങ്കുവച്ചപ്പോള്‍ അതു കണ്ടും കേട്ടും ചുറ്റുമുള്ളവര്‍ ആശ്വസിച്ചു. ഈ കാലവും കടന്നു പോകുമെന്ന പ്രതീക്ഷയില്‍ അവര്‍ പങ്കുവച്ച സംഗീതമെല്ലാം അതിജീവനത്തിന് കരുത്തായി. ഏകാന്തതയില്‍ പ്രതീക്ഷയായി. മറ്റൊരു തരത്തില്‍, കോവിഡ് ഈ ലോകത്തെ തന്നെ സംഗീതസാന്ദ്രമാക്കുകയായിരുന്നു.