നൂറ് വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും
വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വേഗത്തിലാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. നേരത്തെ ഊരാളുങ്കലിന് നൽകുമെന്ന വിവരവും പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈൻ കിഫ്ബി ആണ് തയ്യാറാക്കിയിരിക്കുന്നത്.
വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നൂറ് വീടുകൾ വാഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും. പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് അത് വേഗത്തിലാക്കാൻ എന്ത് ചെയ്യണമെന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിക്കും. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. ഒരു വീട് വാഗ്ദാനം ചെയ്തവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.