ന്യൂഡൽഹി: സിബിസിഐ (കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ)യുടെ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേരാണ് പങ്കെടുത്തത്. ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് ബിഷപ്പുമാർ നന്ദിയും അറിയിച്ചു.
കർദിനാൾമാർ, ബിഷപ്പുമാർ, സഭയിലെ പ്രമുഖ സാധാരണ നേതാക്കൾ എന്നിവരുൾപ്പെടെ ക്രിസ്ത്യൻ സമൂഹത്തിലെ പ്രധാന നേതാക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഇത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ആസ്ഥാനത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്.
തൃശൂർ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡൻ്റുമായ റവ. മാർ ആൻഡ്രൂസ് താഴത്ത് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. ‘ഒരു ഇന്ത്യൻ പ്രധാനമന്ത്രി കത്തോലിക്കാ സഭയുടെ കേന്ദ്രമായ സിബിസിഐ സെൻ്ററിൽ വരുന്നത് ഇത് ആദ്യമായാണ്. അതിന് ദൈവത്തെ സ്തുതിക്കുകയാണ്. കാരണം പ്രധാനമന്ത്രി വന്നിരിക്കുന്നു… ക്രിസ്ത്യാനികൾക്ക് വേണ്ടി ഞങ്ങൾ ക്രിസ്മസ്, പുതുവത്സരാശംസകൾ നേരുന്നു.’- റവ. മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.