ഡെൽഹി : കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുമ്പോഴും ദേശീയ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യവസായ സംഘടനകളെയും അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും അവർ വ്യക്തമാക്കി.
പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയും, മരണനിരക്ക് മുൻപത്തെതിനേക്കാൾ കൂടി വരികയും ചെയ്യുന്നു. പ്രാദേശികമായ നിയന്ത്രണമോ, സംസ്ഥാന തല ലോക്ക്ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. അതേസമയം രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നത്. ഛത്തീസ്‌ഗഡിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 13 ശതമാനമാണ്. ഈ പ്രതിസന്ധിക്ക് കാരണം സിറോ സർവേയിലെ മുന്നറിയിപ്പ് അവഗണിച്ചതാണെന്നാണ് വിമർശനം.
ആവശ്യത്തിനുള്ള ഓക്സിജൻ ഓരോ സംസ്ഥാനത്തും എത്തിക്കാനുള്ള ശ്രമം കേന്ദ്രം തുടങ്ങി. മധ്യപ്രദേശിൽ ആറ് പേർ ഓക്സിജൻ കിട്ടാതെ ഒരു ആശുപത്രിയിൽ മരിച്ചെന്ന വാർത്ത പുറത്തുവന്നിട്ടുണ്ട്. കരിഞ്ചന്തകളിൽ ഓക്സിജൻ സിലണ്ടറുകളുടെ വിൽപന തടയാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് സർക്കാരുകൾ. കൊവിഡ് ചികിത്സാ മരുന്നുകളുടെ ക്ഷാമം ഉത്തരേന്ത്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജീവൻരക്ഷാ മരുന്നായ റെംദിവിറിന്റെ 90000 ഡോസ് ചത്തീസ്ഗഢിന് കേന്ദ്രം നൽകും.
പുതിയ 20 പ്ലാന്റുകൾ വഴി പ്രതിദിനം ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കുപ്പി മരുന്ന് ഉൽപ്പാദിപ്പിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. മധ്യപ്രദേശ്, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി ഉയരുകയാണ്. രോഗികളുടെ പ്രതിദിന വർധനവ് കുറവാണെങ്കിലും ബീഹാർ, പശ്ചിമബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിൽ മരണ നിരക്ക് കൂടുതലാണ്. പല സംസ്ഥാനങ്ങൾ താത്കാലിക ആശുപത്രികൾ തയ്യാറാക്കി ചികിത്സരംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.