തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളോടുള്ള അമിത ആസക്തി കേരളത്തിലും കുട്ടികളുടെ ജീവന്‍ അപഹരിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ ഇത്തരത്തിൽ 19 കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടതായി സംസ്ഥാന സര്‍ക്കാർ രേഖകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശാസിക്കുന്നതും കുട്ടികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച 22 കുട്ടികളില്‍ മയക്കുമരുന്ന് ദുരുപയോഗം കണ്ടെത്തിയതായും ലൈംഗികാതിക്രമം കാണിച്ചതായും ആഭ്യന്തരവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
കുട്ടികള്‍ക്കിടയില്‍ ഡിജിറ്റല്‍ ആസക്തി ഒരു നിശബ്ദ പകര്‍ച്ചവ്യാധിയായി വളര്‍ന്നു വരികയാണെന്ന് മാനസികാരോഗ്യവിദഗ്ധന്‍ ഡോ. സിജെ ജോൺ പറഞ്ഞു. ‘‘ലഹരി വസ്തുക്കളുടെ ദുരുപയോഗം പോലെ തന്നെ അപകടകരമാണ് ഡിജിറ്റല്‍ ആസക്തി. നിർഭാഗ്യവശാൽ രക്ഷിതാക്കള്‍ക്ക് ഇതിനെക്കുറിച്ച് വലിയ അറിവില്ല. മുതിര്‍ന്നകുട്ടികള്‍ കലാ-കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. അവരുടെ ലോകം പകരം ഡിജിറ്റല്‍ മാത്രമായി ചുരുങ്ങുന്നു. ആസക്തി തടയാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ കുട്ടികള്‍ അക്രമാസക്തമാകുന്നു. മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം ഭീഷണികളെ ഗൗരവത്തോടെ കാണുകയും വേണം,’’ അദ്ദേഹം പറഞ്ഞു.
സാമൂഹ്യ കൂട്ടായ്‌മകളിലും കലാകായിക രംഗങ്ങളിലും നിന്ന് കുട്ടികൾ അകന്നു പോകുന്നതും ഇതിന് ആക്കം കുട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇത്തരം കേസുകളില്‍ വളരെ കുറച്ച് മാത്രമാണ് പുറത്തുവരുന്നെന്നും ഡിജിറ്റല്‍ ആസക്തിയുടെ യഥാര്‍ത്ഥ ഇരകളുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നുമാണ് പോലീസ് നിഗമനം.
കുട്ടികളെ ചൂഷണം ചെയ്യുന്നതിന് ഡിജിറ്റല്‍ ആസക്തി ഇപ്പോൾ കാരണമാകുന്നതായി കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പ്രോഗ്രാമിന്റെ സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റിന്റെ മേധാവിയും തിരുവനന്തപുരം റേഞ്ച് ഡിഐജിയുമായ എസ് അജിതാ ബീഗം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ‘‘ചില ഗെയിം പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പുകാര്‍ കുട്ടികളെ ഇരയാക്കുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികളുമായി ചങ്ങാത്തം നടിച്ച് ഇവര്‍ മാതാപിതാക്കളുടെ ബാങ്ക് രേഖകളും മറ്റ് വിവരങ്ങളും മറ്റും ശേഖരിക്കുകയും സൈബര്‍ തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്,’’ അജിതാ ബീഗം പറഞ്ഞു.
കുട്ടികള്‍ക്കിടയിലെ മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതായി ആരംഭിച്ച ‘ചിരി’ ഹെല്‍പ്പ് ലൈനിലേയ്ക്ക് ആയിരക്കണക്കിന് കോളുകളാണ്ഓരോ മാസവും വരുന്നതെന്ന് ഡിഐജി പറഞ്ഞു.
‘‘കുട്ടികളിലെ മാനസിക സമ്മര്‍ദത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ ഡിജിറ്റല്‍ ആസക്തിയാണ് പ്രധാനം. കുട്ടികളിലെ ഡിജിറ്റല്‍ ആസക്തി നേരിടാന്‍ ഞങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. എങ്കിലും പ്രധാന പരിഹാരം വീട്ടില്‍ തന്നെയാണ്. മാതാപിതാക്കള്‍ കുട്ടികളുമായി നല്ല രീതിയിലുള്ള ആശയവിനിമയം നിലനിര്‍ത്തുകയും അവരെ മറ്റ് ക്രയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ അനുവദിക്കുകയും ചെയ്യണം ,’’ ഡിഐജി പറഞ്ഞു.