ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസിബിൾ ചിത്രം

0
58

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന്റെ 28 വർഷം നീണ്ട മിഷൻ ഇംപോസിബിൾ സിനിമാ പരമ്പര അതിന്റെ അവസാനത്തിലേക്ക് എത്തുന്നു. അടുത്ത വർഷം മെയ് 25 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ പരമ്പരയിലെ 8-ാം ചിത്രമായ ‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിങ്’ ന്റെ ടീസർ ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്തു.പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ടീസർ ട്രെയ്‌ലർ പുറത്തു വിട്ടത്.

ക്രിസ്റ്റഫർ മക്ക്വയറിയുടെ സംവിധാനത്തിൽ 2023ൽ റിലീസ് ചെയ്‌ത മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ്ങിന്റെ തുടർച്ചയായിട്ടാവും പുതിയ ചിത്രം വരുന്നത്. ഡ്യൂപ്പിന്റെയോ ഗ്രാഫിക്സിന്റെയോ സഹായമില്ലാതെ, പറക്കുന്ന ബൈപ്ലെയ്നിൽ തൂങ്ങിയാടിയും സ്‌കൂബാ ഡൈവ് ചെയ്‌തും ആഴക്കടലിൽ ഊളിയിട്ടും ടോം ക്രൂസ് ചെയ്ത അതിസാഹസിക സ്റ്റണ്ട് രംഗങ്ങളും, അദ്ദേഹത്തിന്റെ ‘ഐകോണിക്ക് ഓട്ടവും’ ട്രൈലറിൽ കാണാം.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ പറക്കുന്ന ബൈപ്ലെയിനിന്റെ പുറത്ത് ഇരുന്ന്, തന്റെ ടോപ്ഗൺ മാവെറിക്ക് എന്ന ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുന്ന ടോം ക്രൂസിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ഓപ്പൺഹൈമർ,ബാർബി എന്നീ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്തതിനാൽ നിരൂപക പ്രശംസ ലഭിച്ചിട്ടും ഡെഡ് റെക്കണിങ്ങിന് പ്രതീക്ഷിച്ച സാമ്പത്തിക വിജയം കൈവരിക്കാനായിരുന്നില്ല. ഏതായാലും പുതിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതുകയും, ഈഥൻ ഹണ്ട് എന്ന കഥാപാത്രത്തിന് അർഹമായ ഒരു സെന്റ്ഓഫും ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഹോളിവുഡ് റിപ്പോർട്ടർ നൽകുന്ന വിവരമനുസരിച്ച് 400 മില്യൺ ഡോളർ മുതൽമുടക്കിലാണ് ഫൈനൽ റെക്കണിങ് നിർമ്മിച്ചിരിക്കുന്നത്. ടോം ക്രൂസിനെ കൂടാതെ, ഹെയ്ലി ആട്വെൽ,പോം ക്ലെമെന്റീഫ്,വനേസ കിർബി, സൈമൺ പെഗ്ഗ്, എസെയ് മൊറേൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here