ബംഗളൂരു: കര്‍ണാടകയില്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരി പുത്രൻ നവീൻ മതവിദ്വേഷം വളർത്തുന്ന കാർട്ടൂൺ ഫേസ്ബുക്കിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ വെടിവയ്പ്പിലാണ് മൂന്നു പേര് മരിച്ചത്. നിരവധിയാളുകള്‍ക്ക് പരിക്കുണ്ട്.
ബുധനാഴ്ച പുലർച്ചയോടെ എംഎൽഎയുടെ കാവൽബൈരസന്ദ്രയിലെ വീടിനു നേർക്ക് കല്ലേറു നടത്തിയ അക്രമികൾ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവൽബൈരസന്ദ്ര, ഭാരതിനഗർ, താനറി റോഡ് എന്നിവിടങ്ങളിലായി 15ലേറെ വാഹനങ്ങൾക്കു തീവച്ചു.
അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും നേരെയുള്ള അക്രമം അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ സമാധാനം പാലിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ ട്വീറ്റ് ചെയ്തു. അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണന്നും താന്‍ അല്ല പോസ്റ്റ് പങ്കുവച്ചതെന്നും ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരി പുത്രന് സംഭവത്തില്‍ പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് ബംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബൻസ്വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു.