2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു.

0
50

ന്യൂഡൽഹി: 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു. യു പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് നിയമം സുപ്രീംകോടതി ശരിവെച്ചത്. ഏതെങ്കിലും നിയമ നിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് യു പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു.

വിവിധ മദ്രസാ മാനേജര്‍മാരുടേയും അധ്യാപകരുടേയും സംഘടനകളും മറ്റും നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിര്‍ണായക വിധി പ്രസ്താവിച്ചത്. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്.മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഇത് ചോദ്യം ചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഏപ്രിലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.മദ്രസകളുടെ പ്രവർത്തനത്തിന് മേൽനോട്ടംവഹിക്കാൻ ബോർഡുകളെ ശക്തിപ്പെടുത്താനാണ് 2004ൽ ഉത്തർപ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോർഡ് നിയമംകൊണ്ടുവന്നത്.

അറബി, ഉറുദു, പേർഷ്യൻ, ഇസ്ലാമികപഠനം, തത്വശാസ്ത്രം, ബോർഡ് പറയുന്ന മറ്റുവിഷയങ്ങൾ എന്നിവയെ മദ്രസാ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയുംചെയ്തു. എന്നാൽ, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈക്കോടതി ഇത് റദ്ദാക്കിയത്. ഭരണഘടനയിലെ തുല്യത, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, വിദ്യാഭ്യാസ അവകാശം എന്നിവയ്ക്കും യു ജി സി നിയമത്തിനുമെതിരാണ് യു പി സർക്കാരിന്റെ നിയമമെന്ന് ഹൈക്കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here