മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

0
43

പാലാ എംഎല്‍എയായി മാണി സി കാപ്പനെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി വി ജോണ്‍ എന്നയാള്‍ നല്‍കിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ തള്ളിയത്. സ്ഥാനാര്‍ത്ഥിത്വത്തിനായി മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.

ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം മാണി സി കാപ്പന്‍ ചെലവഴിച്ചുവെന്നും സി വി ജോണ്‍ വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹർജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നുമായിരുന്നു മാണി സി കാപ്പന്റെ വാദം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി വി ജോണിന് 249 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ 15,378 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത്. തോല്‍വിയോടെ ജോസ് കെ മാണിയുടെ മന്ത്രിസഭാ പ്രവേശനത്തിന് തിരിച്ചടിയേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here