കേരളത്തിന്റെ 68-ാം പിറന്നാൾ.
കേരളത്തിന് ഇന്ന് 68-ാം പിറന്നാൾ. 1956- ലായിരുന്നു ഐക്യകേരളം നിലവിൽ വന്നത്. തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർഗോഡ് എന്നീ നാട്ടു രാജ്യങ്ങൾ സംയോജിപ്പിച്ചു 1956 നവംബർ ഒന്നിനാണ് ഭാഷഅടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ചത്. മലയാള നാടിന്റെ പിറന്നാൾ ദിനത്തിൽ പരസ്പരം കേരള പിറവി ആശംസകൾ നേർന്നു കൊണ്ടാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്.
കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ 5 ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 14 ആയി. നവംബർ 1 ന് ആണ് ശ്രീ. ചിത്തിര തിരുന്നാൾ മഹാരാജാവ് തിരുകൊച്ചി രാജ പ്രമുഖ സ്ഥാനത്തു നിന്ന് വിരമിച്ചത്. സംസ്ഥാനത്തിന്റെ ആദ്യ ഗവർണർ ബി. രാമകൃഷ്ണറാവു ആണ്. 1957 ഫെബ്രുവരി 28 ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇ. എം. എസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരത്തിലെത്തി.
കേരളം ഉണ്ടായതിനെ കുറിച്ച് പറഞ്ഞു കേൾക്കുന്ന ഒരു ഐതിഹ്യമാണ് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞു ബ്രാഹ്മണർക്കു ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളം എന്ന് പറയപ്പെടുന്നു.
കേര വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിലാണ് കേരളം എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു. അതേ സമയം കേരളത്തിന്റെ പ്രകൃതി ഭംഗി കണ്ട് അറബി സഞ്ചാരികൾ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് )എന്ന് വിളിച്ചതാണെന്നും പറയുന്നു. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് പറയുന്നത് എന്നാൽ ചേരളം എന്ന പദത്തിൽ നിന്നാണ് കേരളം ഉണ്ടായതെന്നും പറയുന്നു.
സമാധാനത്തിന്റെയും,ഐക്യത്തിന്റെയും, സമൃദ്ധിയുടെയും ഈ മണ്ണിൽ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ.
മലയാള മണ്ണിന്റെ പിറന്നാൾ ദിനത്തിൽ SMACTA ന്യൂസിന്റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ…..