ബെംഗളുരു റേവ് പാർട്ടി മയക്കുമരുന്ന് കേസിൽ തെലുങ്ക് നടി ഹേമയുടെ പേരും ഉൾപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നടി ഹേമ (കൃഷ്ണ വേണി) ഉൾപ്പെടെ 87 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മെയ് 20-ന് ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ഫാം ഹൗസിൽ സംഘടിപ്പിച്ച റേവ് പാർട്ടിക്കിടെയായിരുന്നു ലഹരി ഉപയോഗം. പാർട്ടിയിൽ ടോളിവുഡിലെ സെലിബ്രിറ്റികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തിരുന്നു.
ഫാം ഹൗസിൽ നടത്തിയ റെയ്ഡിൽ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്നും പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകൾ പരിശോധിച്ചതിൽ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവർ ഉൾപ്പെടെ 87 പേർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും പാർട്ടിയിൽ ഉണ്ടായിരുന്നു.
എംഡിഎംഎ ഗുളികകൾ, എംഡിഎംഎ ക്രിസ്റ്റലുകൾ, 5 ഗ്രാം കൊക്കെയ്ൻ, കൊക്കെയ്ൻ ചേർത്ത 500 രൂപയുടെ കറൻസി നോട്ടുകൾ, വലിയ അളവിലുള്ള കഞ്ചാവ്, അഞ്ച് മൊബൈൽ ഫോണുകൾ, ഫോക്‌സ്‌വാഗൺ, ലാൻഡ് റോവർ കാറുകൾ എന്നിവ പിടിച്ചെടുത്തതായും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
ഹൈദരാബാദ് സ്വദേശിയായ ഹരി എന്ന വ്യക്തിയാണ് ജന്മദിനാഘോഷത്തിൻ്റെ മറവിൽ പാർട്ടി സംഘടിപ്പിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പുലർച്ചെ 2 മണി കഴിഞ്ഞപ്പോൾ പാർട്ടി നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ ഫാംഹൗസിൽ റെയ്ഡ് നടത്തി. സംഭവസ്ഥലത്ത് നിന്ന് പതിനഞ്ചിലധികം ആഡംബര കാറുകളും പോലീസ് കണ്ടെടുത്തു.