മാത്യൂസിനെയും ശർമിളയെയും ഒന്നിപ്പിച്ചത് സുഭദ്ര, ഒടുവിൽ അരുംകൊല; ദമ്പതികൾ കാണാമറയത്ത്

0
58

കൊച്ചി കടവന്ത്ര സ്വദേശി സുഭദ്ര (73) യെ ആലപ്പുഴ കലവൂരിലെ വീടിനു പിന്നിൽ കൊന്നു കുഴിച്ചു മൂടിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികൾക്കായി അന്വേഷണം ഊർജിതം. കോട്ടൂർ സ്വദേശി മാത്യൂസ് (38), കർണാടക ഉഡുപ്പി സ്വദേശി ശർമിള (36) എന്നിവരെയാണ് പോലീസ് തെരയുന്നത്. പ്രതികൾ കൊലയ്ക്ക് ശേഷം തങ്ങിയെന്ന് കരുതുന്ന ആലപ്പുഴ തുറവൂർ ഭാഗത്തെ വീട്ടിലും പോലീസ് പരിശോധന നടത്തി. ഇവർ ജില്ലയിൽ തന്നെ ഉണ്ടായിരിക്കാമെന്ന സാധ്യത പോലീസ് തള്ളുന്നില്ല. അതിനിടെ, പ്രതികൾ ആലപ്പുഴയ്ക്ക് പുറമേ ഉഡുപ്പിയിലും സ്വർണം പണയം വെച്ചതായി കണ്ടെത്തി.സുഭദ്രയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടാൻ ദമ്പതികൾക്ക് മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് മാത്യൂസ് കൈഞരമ്പിന് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ കുഴിയെടുക്കാൻ മാത്യൂസ് സമീപവാസിയും മേസ്തിരിയുമായ അജയൻ്റെ സഹായം തേടി. കക്കൂസ് മാലിന്യം മൂടാനുള്ള കുഴിയാണെന്നാണ് മാത്യൂസ് അജയനോട് പറഞ്ഞത്.കലവൂരിലെ വീടിന് പിന്നിലായി മൂന്നരയടി താഴ്ചയും രണ്ടരയടി വീതിയുമുള്ള കുഴിയാണ് അജയൻ എടുത്തത്. ബാക്കി പണികൾക്കായി അജയൻ പിറ്റേദിവസം എത്തിയെങ്കിലും കുഴി മൂടിയ നിലയിലായിരുന്നു. മാത്യൂസിന് പരിക്കുള്ളതിനാൽ മൃതദേഹം മറവുചെയ്യാൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.കലവൂർ കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തുള്ള വാടകവീട്ടിൽ രണ്ടര വർഷം മുൻപാണ് മാത്യൂസും ശർമിളയും താമസം തുടങ്ങിയത്. കെട്ടിട നിർമാണ തൊഴിലാളിയാണ് മാത്യൂസ്.

മാത്യൂസിൻ്റെ രണ്ടാം വിവാഹമാണിത്. മാത്യൂസിൻ്റെ കന്യാസ്ത്രീയായ സഹോദരിക്ക് കോൺവെൻ്റിൽവെച്ച് ശർമിളയുമായുള്ള പരിചയമാണ് വിവാഹാലോചനയിൽ എത്തിയത്. മാത്യൂസിൻ്റെ കുടുംബക്കാർക്ക് ശർമിളയെക്കുറിച്ച് കൂടുതൽ അറിവില്ല. നാല് വർഷം മുൻപ് കാട്ടൂർ സെൻ്റ് മൈക്കിൾസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ശർമിളയ്ക്ക് ബന്ധുക്കളില്ലാത്തതിനാൽ സുഭദ്ര ഒപ്പംനിന്നാണ് ഇരുവരുടെയും വിവാഹം നടത്തിയത്. വിവാഹ ശേഷം കാട്ടൂരിലെ കുടുംബവീട്ടിലാണ് ഇരുവരും ആദ്യം താമസിച്ചത്.

പിന്നീട് കലവൂരിലെ വീട്ടിലേക്ക് വാടകയ്ക്ക് മാറുകയായിരുന്നു.വീട്ടിൽ ഇടയ്ക്കിടെ സുഭദ്ര എത്തിയിരുന്നതായി അയൽപക്കക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സുഭദ്ര തൻ്റെ അമ്മയുടെ സഹോദരിയാണെന്നാണ് ശർമിള അയൽപക്കക്കാരോട് പറഞ്ഞത്. ദമ്പതികൾക്ക് അയൽപക്കക്കാരുമായി അധികം ബന്ധമില്ലായിരുന്നു. മാത്യൂസും ശർമിളയും ഒരുമിച്ചു മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നും അയൽപക്കക്കാരുടെ മൊഴിയുണ്ട്. സുഭദ്രയുടെ പക്കലുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കാനാണ് മാത്യൂസും ശർമിളയും ചേർന്ന് കൊലപാതകം നടത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here