ബലാത്സംഗക്കേസില്‍ പ്രതിചേർക്കപ്പെട്ട നടന്‍ സിദ്ദിഖിൻ്റേയും എംഎൽഎ മുകേഷിൻ്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഹൈക്കോടതിയാണ്. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിൻ്റെ വാദം.
അതേസമയം എം.മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹർജി എറണാകുളം സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.
2016-ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. മാതാപിതാക്കൾക്കും ഒരു സുഹൃത്തിനും ഒപ്പം കാറിൽ ഹോട്ടലിൽ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയത്. പ്രതിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 2016 ജനുവരി 28ന് സിദിഖ് ഹോട്ടലിൽ താമസിച്ചിരുന്നതായി പൊലിസീന് തെളിവ് ലഭിച്ചു. എന്നാൽ ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെൺകുട്ടിയുടെ മൊഴി ശരിവെയ്ക്കുന്ന തെളിവുകൾ ഹോട്ടലിലെ രജിസ്റ്ററിൽ നിന്ന് ലഭിച്ചിരുന്നു.