ബുള്‍ഡോസര്‍ നീതി നടപ്പാക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി. ക്രിമിനല്‍ കേസില്‍ ആരോപണവിധേയനായ ഒരാളുടെ വീടാണെന്ന് കരുതി, എങ്ങനെയാണ് അത് പൊളിക്കുകയെന്ന് കോടതി ചോദിച്ചു. രാജ്യത്താകെ ബുള്‍ഡോസര്‍ നീതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ അതിരൂക്ഷ പ്രതികരണം.
ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് കൊണ്ട് വീടുകള്‍ പൊളിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയെ അറിയിച്ചു. അനധികൃത കെട്ടിടമായാല്‍ മാത്രമേ പൊളിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഞങ്ങള്‍ പുറപ്പെടുവിക്കാന്‍ തയ്യാറാണ്. ഒരാള്‍ കുറ്റാരോപിതനോ, ഇനി കുറ്റക്കാരനാണെന്ന് തെളിയിക്കുകയോ ചെയ്യട്ടെ, എന്നാല്‍ തന്നെ എങ്ങനെയാണ് ആ വ്യക്തിയുടെ വീടുകള്‍ പൊളിക്കുകയെന്നും ജസ്റ്റിസ് ഗവായ് ചോദിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണെങ്കില്‍ പൊളിക്കുന്നതില്‍ പ്രശ്‌നമില്ല. ഇതിനൊരു നിയമം കൃത്യമായി ഉണ്ടാക്കണം. നിങ്ങള്‍ പറയുന്നത് പ്രകാരം മുനിസിപ്പല്‍ നിയമലംഘനത്തിനാണ് ഇതുവരെ നടപടിയെടുത്തത് എന്നാണ്. പക്ഷേ ഇതിനൊരു രൂപരേഖ ഉണ്ടാവണമെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുകൊണ്ട് മുന്‍കൂട്ടി നോട്ടീസ് നല്‍കുന്നില്ല. ആദ്യ നോട്ടീസ് നല്‍കിയ ശേഷം മറുപടി നല്‍കാന്‍ ആവശ്യപ്പെടണം. അതിന് ശേഷമാണ് ബാക്കി നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കേണ്ടതെന്നും ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു. അനധികൃത നിര്‍മാണങ്ങളെ ന്യായീകരിക്കുകയല്ല, പക്ഷേ ഇത്തരം പൊളിക്കലുകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സിയു സിംഗ് എന്നിവര്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കല്‍ വിഷയം ചൂണ്ടിക്കാണിച്ചു.60 വര്‍ഷമായുള്ള വീടുകളാണ് പൊളിച്ചത്. അതും ഉടമയുടെ മകന്‍ കേസില്‍ ഉള്‍പ്പെട്ടെന്ന കാരണം പറഞ്ഞാണിത്. ഒരു കേസ് മധ്യപ്രദേശിലും, മറ്റൊന്ന് ഉദയ്പൂരിലുമാണെന്നും അഭിഭാഷകര്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിയ കേസില്‍ വീട് പൊളിച്ചതിലും കോടതി വിമര്‍ശനം ഉന്നയിച്ചു. ഒരാളുടെ മകന്‍ ശല്യക്കാരനാണെങ്കില്‍, അ യാളുടെ വീട് പൊളിക്കുന്നതല്ല ശരിയായ കാര്യമെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ പറഞ്ഞു.