ഏപ്രിൽ 29, അന്താരാഷ്ട്ര നൃത്ത ദിനമായി ആചരിച്ചു വരുന്നു. മനുഷ്യ മനസില്‍ സാഹോദര്യത്തിന്‍റേയും, സമാധാനത്തിന്‍റെയും തിരി തെളിയി ക്കാന്‍ അതിര്‍വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് അന്താരാഷ്ട്ര നൃത്ത ദിനത്തിന് പിന്നിൽ.
വികാര, വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുന്ന ഒരുതരം ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാഭിനയത്തിലൂടെ ആളുകളിലേക്ക് ആസ്വാദന കലകളെയെത്തിക്കുന്ന ഒരുതരം വികാര ഭാഷ. അതുകൊണ്ട് തന്നെയാവണം നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നതും.
നൃത്തത്തിന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. എന്നാൽ, അന്താരാഷ്ട്ര നൃത്തദിനം ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത് 1982 മുതലാണ്. ആധുനിക ബാലെയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ജീൻ ജോർജസ് നോവറിന്റെ ജന്മദിനമാണ് ഏപ്രിൽ 29. നൃത്തത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിനു നല്‍കിയ ശ്രദ്ധാജ്ഞലിയായി ഈ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്, ‘ബാലെ മുത്തച്ഛന്‍’. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തനായിരിക്കുന്നത്.
യുനെസ്‌കോയുടെ പെർഫോമിങ് ആർട്സ് വിഭാഗത്തിന്റെ ഭാഗമായ ഡാൻസ് കമ്മിറ്റി ഓഫ് ദി ഇന്റർനാഷണൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ഐ ടി ഐ) ആണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന് തുടക്കം കുറിച്ചത്. എല്ലാ വർഷവും ഏപ്രിൽ 29-നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആചരിക്കാറുള്ളത്.
കൂടുതൽ ആളുകളെ നൃത്തം എന്ന കലാരൂപത്തിൽ പങ്കാളികളാക്കാനും അത് ശാസ്ത്രീയമായി അഭ്യസിക്കാനും, പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി ആഘോഷ പരിപാടികൾ ഈ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ടായിരുന്നു.
പ്രൊഫഷണൽ നൃത്തസംഘങ്ങളുടെയും വിദഗ്ധരുടെയും കലാപരിപാടികളും വർണശബളമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചാണ് വിവിധ രാജ്യങ്ങളിൽ ഈ ദിനം പൊതുവെ ആഘോഷിക്കാറുള്ളത്. എന്നാൽ കൊറോണയുടെ പശ്ചാതലത്തിൽ വീടുകളിൽ തന്നെയിരിക്കുന്ന ഈ അവസരത്തിൽ നൃത്തം ചെയ്ത് കൊണ്ടാവട്ടെ ഇന്നത്തെ ദിനത്തിലെ ആഘോഷം.
നൃത്തം ആഘോഷമാക്കുകയും എല്ലാവിധ രാഷ്ട്രീയ, സാംസ്‌കാരിക, വംശീയ അതിരുകളെയും ഭേദിച്ചുകൊണ്ട് നൃത്തത്തിന്റെ എല്ലാ രൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര നൃത്ത ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.
എല്ലാ നർത്തകർക്കും വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നൃത്തത്തിന്റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ കഴിയട്ടെ.