യുപിഐ, ജൻധൻ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ എന്നിവ ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ചു; എല്ലാവരും ഡിജിറ്റല്‍ ഐഡന്റിറ്റിയുള്ളവരായി: പ്രധാനമന്ത്രി.

0
39

മുംബൈ: ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബല്‍ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.

ഒരുകാലത്ത് ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് ഏവരും അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് ഇന്ത്യയിലെ ഫിൻടെക് വൈവിധ്യങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ വലിയ മതിപ്പുളവാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിപണിയിലെത്തിയതും സീറോ ബാലൻസ് ജൻധൻ അക്കൗണ്ടുകള്‍ തുടങ്ങാൻ സാധിച്ചതും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 27 ട്രില്യണ്‍ തുകയാണ് മുദ്ര വായ്പകള്‍ വഴി വിതരണം ചെയ്തത്. അതില്‍ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരുന്നു എന്ന പ്രത്യേകതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

വനിതാ സ്വയം സഹായ സംഘങ്ങളെ ബാങ്കിംഗ് മേഖലയിലേക്ക് എത്തിക്കാൻ ജൻധൻ അക്കൗണ്ടുകള്‍ക്ക് സാധിച്ചു. 10 കോടി ഗ്രാമീണ സ്ത്രീകള്‍ അതിന്റെ നേട്ടം സ്വന്തമാക്കി. സ്ത്രീകളുടെ സാമ്ബത്തിക ശാക്തീകരണത്തിന് ശക്തമായ അടിത്തറ പാകാൻ ജൻധൻ യോജന പദ്ധതി വലിയ പങ്കാണ് വഹിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇന്ത്യയിലെ 53 കോടിയിലധികം ആളുകള്‍ക്ക് ജൻധൻ അക്കൗണ്ടുകളുണ്ട്. അതായത് കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിച്ച ജനങ്ങളുടെ എണ്ണം യൂറോപ്യൻ ജനസംഖ്യയ്‌ക്ക് തുല്യമാണ്. ജൻധൻ, ആധാർ, മൊബൈല്‍ എന്നിവ ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ചു. ഇന്ന് ലോകത്തിലെ പകുതിയോളം ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്നത് ഇന്ത്യയിലാണ്. ഫിൻടെക്കിന്റെ ഏറ്റവും വലിയ ഉദാഹരണമായി യുപിഐ സംവിധാനം മാറിയിരിക്കുന്നു. യുപിഐ ആരംഭിച്ചതോടെ രാജ്യത്തെവിടെയും ഏതുനേരത്തും മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ബാങ്കിംഗ് സേവനങ്ങള്‍ 24*7 പ്രവർത്തിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ ഐഡന്റിറ്റിയില്ലാത്ത 18 വയസിന് മുകളിലുള്ളവർ ഇന്ന് വിരളമാണെന്നത് ഇന്ത്യയുടെ സാങ്കേതിക വിപ്ലവത്തിന്റെ നേർസാക്ഷ്യമാണ്. ഇന്ത്യക്കാർക്ക് എന്തുകൊണ്ട് ആവശ്യത്തിന് ബാങ്ക് ശാഖകള്‍ ഇല്ല, ഇവിടെ ആവശ്യത്തിന് ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയില്ല, അപര്യാപ്തമായ വൈദ്യുതി മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എപ്രകാരമാണ് ഫിൻടെക് വിപ്ലവം സംഭവിക്കുകയെന്ന് സ്വയം ബുദ്ധിമാൻമാരെന്ന് കരുതിയ ചില ആളുകള്‍ പാർലമെൻ്റില്‍ ഉന്നയിച്ചിരുന്നു. ‘ചായ്‌വാല’ പ്രധാനമന്ത്രിയോടായിരുന്നു ചോദ്യം. എന്നാല്‍ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയില്‍ ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 94 കോടിയായി ഉയർന്നു. ഒരു ഡിജിറ്റല്‍ ഐഡൻ്റിറ്റിയോ ബ്രോഡ്‌ബാൻഡ് കണക്ഷനോ ഇല്ലാത്ത, 18 വയസ് പൂർത്തിയായ വ്യക്തി ഇന്ത്യയില്‍ ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here