പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ റോസ് ഡെയ്ൽസ് സ്കൂളിലെ 13 വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. സ്കൂൾ വാർഷികത്തിന് വിതരണം ചെയ്ത് ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് ബിരിയാണി കഴിച്ച വിദ്യാർഥികൾക്ക് ശനിയാഴ്ചയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. അഞ്ചോളം അധ്യാപകർ ചികിത്സതേടിയിരുന്നു.
കൊടുമണ്ണിലെ ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് ബിരിയാണി വാങ്ങിയത്. 200 ചിക്കൻ ബിരിയാണിയായിരുന്നു വരുത്തിച്ചത്. ഭക്ഷണം കഴിച്ച എല്ലാവർക്കും ഭക്ഷ്യവിഷബാധയെത്തുടർന്നുള്ള ബുദ്ധിമുട്ടുകളുണ്ടായെന്നാണ് വിവരം. ഇതിൽ 13 വിദ്യാർഥികൾ മൂന്ന് ആശുപത്രികളിലായി ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ചികിത്സതേടുകയായിരുന്നു.